കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും യാത്രാദുരിതത്തിനുമൊടുവിൽ കൊല്ലം - എറണാകുളം റൂട്ടിലേക്ക് മെമു ട്രെയിൻ എത്തുകയാണ്. രാവിലെ കോട്ടയം വഴി പ്രഖ്യാപിച്ചിരിക്കുന്ന സർവീസ് വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ സഹായകമാകും.
വിശദമായ ഷെഡ്യൂൾ പുറത്തുവരുന്നേയുള്ളൂവെങ്കിലും കൊല്ലത്ത് നിന്ന് മെമു ട്രെയിൻ പുറപ്പെടുന്ന സമയവും എറണാകുളത്ത് എത്തുന്ന സമയവും സതേൺ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. വന്ദേ ഭാരതിനായി പിടിച്ചേണ്ടി വരില്ലെന്നതാണ് ഈ മെമു സർവീസിന്‍റെ പ്രധാന നേട്ടമായി യാത്രക്കാർ കാണുന്നത്.
ഒക്ടോബർ 07 തിങ്കളാഴ്ച മുതൽ അടുത്ത ജനുവരി 03 വെള്ളിയാഴ്ച വരെ 73 സർവീസുകൾ വീതമാണ് കൊല്ലം എറണാകുളം, എറണാകുളം കൊല്ലം റൂട്ടിൽ സ്പെഷ്യൽ മെമു നടത്തുക.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് തിങ്കൾ മുതൽ വെള്ളിവരെ ദിവസവും രാവിലെ 6:15നാണ് മെമു ട്രെയിൻ സർവീസ് ആരംഭിക്കുക. 9:35ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും. 20 മിനിറ്റിന് ശേഷം 9:50ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1:30ന് കൊല്ലത്ത് എത്തും.
രാവിലെ പാലരുവി എക്സ്പ്രസിന്‍റെയും വേണാട് എക്സ്പ്രസിന്‍റെയും ഇടയിലാണ് മെമുവിന്‍റെ സർവീസ്. രാവിലെ 04:50 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് 6:55ന് കോട്ടയം പിന്നിട്ട് 08:40നാണ് എറണാകുളത്ത് എത്തുന്നത്. രാവിലെ 06:36ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസാകട്ടെ 08:27ന് കോട്ടയം പിന്നിട്ട് 09:50നാണ് എറണാകുളത്ത് എത്തുക.
ഈ രണ്ട് ട്രെയിനുകൾക്കിടയിൽ വലിയ സമയവ്യത്യാസമുള്ളതാണ് നിലവിൽ ട്രെയിനിൽ തിരക്ക് വർധിക്കാൻ കാരണമാകുന്നത്. 6:15ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു 9:35ന് എറണാകുളത്ത് എത്തുമെന്നതിനാൽ നിലവിൽ വേണാടിനെയും പാലരുവിയെയും ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാർ മെമു ഉപയോഗപ്പെടുത്തും.
ഇതോടെ രണ്ട് എക്സ്പ്രസ് ട്രെയിനിലെയും അനിയന്ത്രിത തിരക്കിന് ആശ്വാസമാകും. തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് 6:05നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. 08:25 ഓടെ എറണാകുളം കടന്ന് പോവുകയും ചെയ്യും. പുതിയ മെമു, വന്ദേ ഭാരതിന് പിന്നാലെയാണ് യാത്ര ആരംഭിക്കുക. അതുകൊണ്ട് തന്നെ ഇടയ്ക്ക് പിടിച്ചിടേണ്ടി വരില്ലെന്നത്, യാത്രക്കാർക്ക് ഇരട്ടിസന്തോഷം നൽകുകയും ചെയ്യുന്നു.
വേണാട് എക്സ്പ്രസ് നിലവിൽ എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ബുദ്ധിമുട്ടിലായ സ്ഥിരം യാത്രക്കാർക്കും മെമു സർവീസ് ആശ്വാസമായി മാറും. 9:35ന് എറണാകുളത്ത് എത്തുമെന്നതിനാൽ 10 മണിയ്ക്ക് എറണാകുളത്തെ ഓഫീസിലെത്തേണ്ട യാത്രക്കാർക്ക് ഇനി മെമുവിൽ കയറിയാൽ മതിയാകും.
നേരത്തെ ഇറങ്ങി കാത്തിരിക്കേണ്ട ആവശ്യമോ, പത്ത് മണിയോടടുത്ത് ഓടുകയോ ചെയ്യാതെ ഓഫീസിലെത്താമെന്നതും മെമുവിന്‍റെ നേട്ടമായി മാറും.
നിലവിൽ സംസ്ഥാനത്ത് സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ട്രെയിൻ ഉപയോഗിച്ചാണ് കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു സർവീസ് നടത്തുക. റെയിൽവേ ബോർഡ് പുതിയ മെമു റേക്ക് അനുവദിക്കുമ്പോൾ പുനലൂർ - എറണാകുളം സർവീസായി മാറ്റുമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.