ന്യുഡല്‍ഹി: രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം. ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ വാദികളാണെന്നാണ് നിഗമനം. ബോംബ് സ്‌ഫോടനത്തില്‍ സ്‌കൂള്‍ മതിലും സമീപത്തെ കടകളുടെ ബോര്‍ഡുകളും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും സിആര്‍പിഎഫ് കേന്ദ്രത്തിനടുത്തുണ്ടായ സ്‌ഫോടനത്തെ അതിഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.
ഡല്‍ഹി പ്രശാന്ത് വിഹാറിലെ ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദിത്വമേറ്റെടുത്ത ഗ്രൂപ്പിന്റെ വിശദാംശങ്ങൾ കൈമാറാൻ സാമൂഹികമാധ്യമ ആപ്പായ ടെലിഗ്രാമിനോട് കേസന്വേഷിക്കുന്ന ഡൽഹി പോലീസ് നിർദേശിച്ചിരുന്നു. സംഭവസ്ഥലത്ത്, ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വെള്ളപ്പൊടി വിതറിക്കിടക്കുന്നതായി പ്രഥമവിവര റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി സ്ഫോടനത്തിനുമുൻപ് സ്ഥലത്തെത്തിയ വെള്ള ടീഷർട്ടിട്ടയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്നയാളാണിതെന്ന് അന്വേഷണവൃത്തങ്ങൾ പറഞ്ഞു.
ബോംബ് സ്ഫോടനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഖലിസ്താൻ വാട്ടർമാർക്കോടെ ‘ജസ്റ്റിസ് ലീഗ് ഇന്ത്യ’ എന്ന ടെലഗ്രാം ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. ഖലിസ്താൻ വാദികൾക്കുനേരേയുള്ള ഇന്ത്യയുടെ നടപടികൾക്ക് പ്രതികാരമായാണ് സ്ഫോടനമെന്നാണ് ഇതിലെ സന്ദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്നിലുള്ളവരെ കണ്ടെത്താൻ ടെലിഗ്രാമിന് കത്തുനൽകിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സി.ആർ.പി.എഫ്. സംഘം തിങ്കളാഴ്ച രാവിലെ സ്ഫോടനസ്ഥലം സന്ദർശിച്ചു. ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും ലോക്കൽപോലീസും അന്വേഷണം തുടരുകയാണ്. എൻ.എസ്.ജി. സംഘം റോബോട്ടുകളെ വിന്യസിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.