തിരുവനന്തപുരം: മൃഗശാലയിലെ 2 ഗ്രീൻ അനാക്കോണ്ടകളിൽ ഒന്ന് ചത്തു. 13 വയസ്സുള്ള ആൺ അനാക്കോണ്ട ‘ദിൽ’ ആണ് ചത്തത്. വാലിനോട് ചേർന്നു മുഴയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
വ്യാഴം വൈകിട്ടോടെ അവശനിലയിലായ പാമ്പിന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സാധാരണ 10 വയസ്സു വരെ ജീവിക്കുന്ന അനാക്കോണ്ട, മൃഗശാല പോലെയുള്ള ഇടങ്ങളിൽ പ്രത്യേക പരിചരണം ലഭിച്ചാൽ കൂടുതൽ കാലം ജീവിക്കും.
ദില്ലിന് 49 കിലോ ഭാരവും 3.9 മീറ്റർ നീളവുമുണ്ടായിരുന്നു. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാർക്കസ് ഡിസ്പോസൽ പിറ്റിൽ അടക്കം ചെയ്തു. 2014 ഏപ്രിലിൽ ശ്രീലങ്കയിലെ സുവോളജിക്കൽ പാർക്കിൽ നിന്നാണ് 7 ഗ്രീൻ അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു.
സിഡിഐഒയിലെ മൈക്രോബയോളജി, പാരാസൈറ്റോളജി, പാത്തോളജി വകുപ്പുകളിൽ നിന്ന് ഡോ.എസ്.അപർണ, ഡോ.പി.ആർ.പ്രത്യുഷ്, ഡോ.ജി.എസ്.അജിത് കുമാർ, തിരുവനന്തപുരം മൃഗശാല വെറ്ററിനറി സർജൻ ഡോ നികേഷ് കിരൺ എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നിലവിൽ വയറിൽ ഉണ്ടായ നീർക്കെട്ടാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണ കാരണം അറിയാൻ സാധിക്കൂ എന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.