സംരംഭകന്റെ വാദത്തിൽ പൊരുത്തക്കേടുകൾ; കെട്ടിച്ചമച്ച കഥകളെന്ന് സംശയം

കണ്ണൂർ: പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് എ.ഡി.എം ഭീഷണിപ്പെടുത്തിയെന്ന സംരംഭകന്റെ വാദത്തിലും പൊരുത്തക്കേടുകളുണ്ട്.

നാടിനെ നടുക്കി ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ട കൈക്കൂലി ആരോപണത്തിലും സംശയങ്ങള്‍ ഏറെയാണ്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത് സംരംഭകനായ പ്രശാന്താണ്. ഒരുലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ നല്‍കിയെന്നാണ് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പ്രശാന്ത് പറഞ്ഞിരിക്കുന്നത്.

പ്രശാന്ത് പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹം കൈക്കൂലി കൊടുക്കാന്‍ തീരുമാനിച്ചാല്‍ ഒരിക്കലും 1,500 രൂപ കുറച്ച് 98,500 രൂപ നല്‍കില്ലായിരുന്നു. ഇവിടെയാണ് ആരോപണത്തിന്റെ വിശ്വാസ്യതയും സംശയിക്കപ്പെടുന്നത്.

പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് എ.ഡി.എം ഭീഷണിപ്പെടുത്തിയെന്ന സംരംഭകന്റെ വാദത്തിലും പൊരുത്തക്കേടുകളുണ്ട്. അങ്ങനെ എ.ഡി.എം ആവശ്യപ്പെട്ടെങ്കില്‍ ഇക്കാര്യം കണ്ണൂരിലെ വിജിലന്‍സ് വിഭാഗത്തെ അറിയിച്ചാല്‍ അവര്‍ തന്നെ സ്പോട്ടില്‍ എ.ഡി.എമ്മിനെ പിടികൂടുമായിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കവും പ്രശാന്ത് നടത്തിയിട്ടില്ല.

ക്വാട്ടേഴ്‌സില്‍ വെച്ചാണ് പണം നല്‍കിയതെന്നും ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ദിവ്യ ആവശ്യപ്പെടുകയും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തതായും സംരംഭകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ഈ സംരംഭകന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നതും കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. കാരണം, എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടുവെങ്കില്‍ തനിക്ക് വേണ്ടി ആദ്യം മുതല്‍ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് സംരംഭകനായ പ്രശാന്ത് ഇക്കാര്യവും പറയുമായിരുന്നു. എന്നാല്‍ അതിവിടെ സംഭവിച്ചിട്ടില്ല.

‘പെട്രോള്‍ പമ്പിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസമായി കളക്ട്രേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു താനെന്ന സംരംഭകന്റെ വാദവും തീര്‍ച്ചയായും പരിശോധിക്കപ്പെടണം. ആ സ്ഥലത്ത് പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നതിന് നിയമപരമായ തടസ്സം ഉണ്ടായിരുന്നോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. ആദ്യം നല്‍കാതിരുന്ന അനുമതി പിന്നീട് നല്‍കാനുണ്ടായ സാഹചര്യവും പുറത്ത് വരണം. അത് കൈക്കൂലി നല്‍കിയത് കൊണ്ടാണ് എന്നതിന് പരാതിക്കാരന്‍ തന്നെയാണ് ഇനി തെളിവ് ഹാജരാക്കേണ്ടത്.

വിളിച്ച് സംസാരിച്ചതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറയുന്ന സംരംഭകന്‍ പൈസ ചോദിക്കുന്നതിന്റെ തെളിവില്ലെന്ന് പറയുന്നത് തന്നെ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിന് തുല്യമാണ്. വിളിച്ച് സംസാരിച്ചതിന്റെ തെളിവ് പുറത്തുവിടുന്ന സംരംഭകന്‍ എ.ഡി.എമ്മിന് നേരിട്ട് പണം നല്‍കുന്നതിന്റെ തെളിവുകള്‍ എന്തുകൊണ്ട് ഉണ്ടാക്കിയില്ല എന്നതിനും മറുപടി പറയണം. ഏത് ചെറിയ കടകളിലും ഹിഡന്‍ ക്യാമറകളും റെക്കോര്‍ഡറും ഉള്‍പ്പെടെ കിട്ടുന്ന കാലമാണിത്. ഇതൊന്നും വാങ്ങാന്‍ പറ്റിയിരുന്നില്ലെങ്കില്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ട് ദൃശ്യം ചിത്രീകരിക്കാമായിരുന്നു. അതിനുപോലും സംരംഭകന്‍ മെനക്കെട്ടിട്ടില്ല.

ഒബിസി സംവരണത്തിലാണ് തനിക്ക് പെട്രോള് പമ്പ് ലഭിച്ചതെന്നാണ് പ്രശാന്ത് പറയുന്നത്. രേഖകളെല്ലാം ക്ലിയര്‍ ആയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ആഴ്ച്ചയില്‍ രണ്ട് ദിവസം വെച്ച് എഡിഎമ്മിനെ കാണാന്‍ പോകുമായിരുന്നുവെന്നും ഫയല് പഠിക്കട്ടെയെന്നായിരുന്നു നിരന്തരം മറുപടി നല്‍കിയിരുന്നത് എന്നുമാണ് സംരംഭകന്‍ ആരോപിക്കുന്നത്.

നാലുമാസം കഴിഞ്ഞപ്പോള്‍ ‘സാറിന് തരാന്‍ പറ്റില്ലെങ്കില്‍, പറ്റില്ലായെന്ന് പറഞ്ഞോളൂ ബാക്കി വഴി ഞാന്‍ നോക്കാമെന്ന് പറഞ്ഞിരുന്നതായും’ സംരംഭകന്‍ വാര്‍ത്താ ചാനലിനോട് പറയുന്നുണ്ട്. ഇങ്ങനെ പറഞ്ഞ ഒരു സംരംഭകനില്‍ നിന്നും സാമാന്യബോധമുള്ള ഒരു ഉദ്യോഗസ്ഥന്‍ കൈകൂലി വാങ്ങുമോ എന്നതും സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്.

എഡിഎമ്മുമായി സംസാരിച്ച് തീരുമാനം ആക്കിത്തരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടപ്പോഴാണ് സംരംഭകനെ വിശ്വസിച്ച് പി.പി ദിവ്യയും വിഷയത്തില്‍ ഇടപെട്ടിരുന്നത്. ദിവ്യയെ അറിയിക്കാതെയാണ് താന്‍ കൈക്കൂലി നല്‍കിയതെന്ന് സംരംഭകനും പറയുന്നുണ്ട്. ഈ വിവരം പിന്നീട് ദിവ്യയെ അറിയിച്ചപ്പോള്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണ് ഉണ്ടായതത്രെ.

ഇതില്‍ ഈ ഭാഗം ക്ലിയറാണ്. കാരണം, പി.പി ദിവ്യയോട് സംരംഭകന്‍ വിവരം ധരിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അത് വിജിലന്‍സിന് കൈമാറുകയും ചെയ്തിട്ടുണ്ട്. അഴിമതി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ ഏത് ജനപ്രതിനിധിയും സ്വീകരിക്കേണ്ട നിലപാട് തന്നെയാണിത്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സംരംഭകന്‍ കള്ളക്കഥ പറഞ്ഞ് ദിവ്യയെ തെറ്റിധരിപ്പിച്ചതാണോ എന്നതും, ഈ സാഹചര്യത്തില്‍ അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ട്.

ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് എഡിഎമ്മിനെ വിളിച്ചപ്പോള്‍ കണ്ണൂരില്‍ കൃഷ്ണമേനോന്‍ കോളേജിന്റെ അടുത്തെത്തി വിളിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും അവിടെയെത്തി വിളിച്ചപ്പോള്‍, ക്വാട്ടേഴ്സിലേക്ക് പോകാമെന്ന് പറഞ്ഞെന്നുമൊക്കെ സംരംഭകന്‍ പറയുന്നത് ഏതൊരാള്‍ കേട്ടാലും പ്രത്യക്ഷത്തില്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.

എഡിഎമ്മിനെ പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട കേസില്‍ കൈക്കൂലി വാങ്ങുക എന്നൊക്കെ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, ‘പണം തന്നില്ലെങ്കില്‍ പമ്പിന് എന്‍ഒസി ലഭിക്കില്ലെന്നും കിട്ടാത്ത രീതിയില്‍ ആക്കിയിട്ടേ ഇവിടുന്ന് പോകൂ’ എന്നൊക്കെ എഡിഎം ഭീഷണിപ്പെടുത്തി എന്നു പറയുന്നതും കെട്ടിച്ചമച്ച കഥയാകാൻ തന്നെയാണ് സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !