മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അണുശക്തിനഗറിൽ മുൻമന്ത്രി നവാബ് മാലിക്കിന്റെ മകളെ വെട്ടാൻ ബോളിവുഡ് താരം സ്വര ഭാസ്ക്കറിന്റെ ഭർത്താവ് ഫഹദ് അഹമ്മദിനെ രംഗത്തിറക്കി ശരദ് പവാർ. ഇവിടെ എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥിയാണ് നവാബ് മാലിക്കിന്റെ മകൾ സന മാലിക്ക്. മാലിക്കിന്റെ സിറ്റിങ് സീറ്റാണ് അണുശക്തി നഗർ. ഇതോടെ മണ്ഡലത്തിലെ പോരാട്ടത്തിന് താരപരിവേഷം കൈവന്നിരിക്കുകയാണ്.
സമാജ്‌വാദി പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്ന ഫഹദ് അഹമ്മദിനെ പാർട്ടിയിൽ എടുക്കുന്നതിനുമുമ്പ് അവരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്ന് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ ജയന്ത്പാട്ടീൽ അറിയിച്ചു. ഫഹദിനെ അണുശക്തിനഗറിൽ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ശരദ് പവാറുമായി സംസാരിച്ചിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മിയും വ്യക്തമാക്കി.
വിദ്യാർഥിപ്രസ്ഥാനത്തിൽ സജീവമായിരുന്ന ഫഹദ് അഹമ്മദ് 2022-ലാണ് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. പിന്നാക്കസമുദായങ്ങളിലെ വിദ്യാർഥികൾക്ക് ഫീസിളവ് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിലും പൗരത്വ (ഭേദഗതി) നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിലും ഫഹദ് പങ്കെടുത്തിരുന്നു. പൗരത്വഭേദഗതി പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോഴാണ് സ്വര ഭാസ്‌കറുമായി പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.
കള്ളപ്പണമിടപാട് കേസിൽ നബാബ് മാലിക് അറസ്റ്റിലായതോടെ മണ്ഡലത്തിലെ കാര്യങ്ങളുടെ ചുമതല മകൾ സനയ്ക്കായിരുന്നു. ഈ മണ്ഡലത്തിൽ അവർ സുപരിചിതയാണ്. മാലിക്കിന് സീറ്റ് നൽകുന്നതിനെ ബി.ജെ.പി. എതിർത്തതിനെ തുടർന്നാണ് അജിത് വിഭാഗം എൻ.സി.പി മാലിക്കിന്റെ മകളെ രംഗത്തിറക്കിയത്.
അണുശക്തിനഗർ മണ്ഡലത്തിൽ 2009-ൽ നബാബ് മാലിക്ക് വിജയിച്ചുവെങ്കിലും 2014-ൽ പരാജയപ്പെട്ടിരുന്നു. 2019-ൽ മാലിക് മണ്ഡലം തിരിച്ചുപിടിച്ചു. അണുശക്തിനഗർ, ബി.എ.ആർ.സി, ട്രോംബെ തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ വോട്ടർമാരിൽ 28 ശതമാനത്തോളം മുസ്‌ലിങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.