കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപതയിൽ വൈദിക പട്ടം സ്വീകരിക്കുന്നവർ ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാൻ പാടുള്ളുവെന്ന് സർക്കുലർ. നവംബർ നാലിന് രാവിലെ 9ന് തൃക്കാക്കര മൈനർ സെമിനാരിയിലാണ് 8 ഡീക്കൻമാരുടെ വൈദികപട്ട ശുശ്രൂഷ. നവ വൈദികർക്ക് ഏകീകൃത രീതിയിൽ പുത്തൻകുർബാന അർപ്പിക്കാൻ ഇടവകകളിൽ വികാരിമാർ സൗകര്യമൊരുക്കണം.
ഇടവകകളിൽ ഏകീകൃത കുർബാന അർപ്പിക്കുന്നത് പതിവു കുർബാന സമയത്ത് ആയിരിക്കണം. ഇടവകകളിൽ ഏകീകൃത കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും മെത്രാൻമാർക്കും വികാരിമാർ അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ സർക്കുലറിൽ വ്യക്തമാക്കി.കുർബാനയ്ക്കിടയിലെ പ്രസംഗത്തിലും മറ്റ് അറിയിപ്പുകളിലും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും സഭാനേതൃത്വത്തെയും വിമർശിക്കുന്നതോ, തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രസ്താവനകൾ പാടില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ഇടവക പൊതുയോഗങ്ങളിൽ രൂപതാധ്യക്ഷന്റെ കൽപ്പനകൾക്കോ മാർഗനിർദേശങ്ങൾക്കോ വിരുദ്ധമായി തീരുമാനങ്ങൾ പാടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ സഭാനേതൃത്വത്തെ വെല്ലുവിളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്താൻ നടപടിയുണ്ടാവും.
സഭയുടെ നിലപാടുകളെ വിമർശിക്കുകയോ ഇകഴ്ത്തിക്കാട്ടുകയോ ചെയ്യുന്ന സംഘടനയുടെ ഭാഗമായി വൈദികരും സന്യസ്തരും അൽമായരും പ്രവർത്തിക്കരുത്. ഇത്തരം സംഘടനകളുടെ യോഗങ്ങൾക്ക് ഇടവക സംവിധാനങ്ങളോ സഭാവേദികളോ വിട്ടുനൽകരുതെന്നും സർക്കുലറിൽ പറയുന്നു.
രൂപതാധ്യക്ഷന്റെ അനുമതിയില്ലാതെ അതിരൂപത ആസ്ഥാനത്ത് യോഗം പാടില്ല. അഡ്മിനിസ്ട്രേറ്ററെ കാണാൻ മുൻകൂർ അനുമതി വാങ്ങണം. ബിഷപ് ഹൗസിന്റെ നടത്തിപ്പിനു പൊലീസ് സഹായം തുടരുമെന്നും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ സർക്കുലറിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.