കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ തടഞ്ഞുവച്ചു. പൊലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്.നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവയ്ക്കണം, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവർക്കെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓഫിസിനു മുന്നിൽ യുവമോർച്ചയും യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. പി.പി.ദിവ്യയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അർജുൻ ദാസ്, ട്രഷറർ അക്ഷയ് കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, മണ്ഡലം സെക്രട്ടറി ബിനിൽ എന്നിവരെ അറസ്റ്റു ചെയ്ത് നീക്കി.
ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി. എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സ് പരിസരത്തേക്ക് കടത്തിവിടാത്തതിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകരും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു. തെളിവു നശിപ്പിക്കുന്നതിനായാണ് ആരെയും അകത്തേക്ക് കടത്തിവിടാത്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നവീൻ ബാബുവിന്റെ മൃതദേഹം മറ്റാരെയും കാണിച്ചിട്ടുമുണ്ടായിരുന്നില്ല.
അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു രാവിലെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.
കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചതാണു ജീവനൊടുക്കാൻ കാരണമെന്നാണു വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.