തിരുവനന്തപുരം: ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്ത ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവരുമായി വിവിധ തിരഞ്ഞെടുപ്പുകളില്‍ തോളോടുതോള്‍ ചേര്‍ന്നാണ് സിപിഎം പ്രവര്‍ത്തിച്ചത്. ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയി അമീറുമാരെ പിണറായി വിജയന് സന്ദര്‍ശിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അണികളുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി പോയെന്ന ബോധ്യത്തില്‍ നിന്നാണ് ഇപ്പോള്‍ പുതിയ അടവുനയം സിപിഎം പയറ്റുന്നത്.
ജമാഅത്ത ഇസ്ലാമി 1996 എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ അതിലുള്ള ആവേശം പ്രകടിപ്പിച്ച് ദേശാഭിമാനി മുഖപ്രസംഗം എഴുതിയിരുന്നു. അതു വീണ്ടും വായിച്ചാല്‍ മുഖ്യമന്ത്രിക്ക് മറന്നുപോയ പഴയ കാര്യങ്ങള്‍ ഓര്‍മ്മവരും. സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ മതവികാരം ഇളക്കിവിടാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് നടത്തുന്നത്.
അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമര്‍ശം. ഹവാല,സ്വര്‍ണ്ണക്കടത്ത് എന്നിവയുടെ ഹബ്ബായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. അതിന് പിആര്‍ ഏജന്‍സികളുടെ സഹായവും തേടി. വെള്ളത്തിന് തീപിടിപ്പിക്കുന്ന വിദ്വേഷ സ്വരങ്ങളെ മുഖ്യമന്ത്രി ഒളിപ്പിച്ച് കടത്തുന്നത് സംഘപരിവാറിനെ സംതൃപ്തിപ്പെടുത്താനാണ്.
ബിജെപിക്ക് ഒപ്പമുള്ള ജെഡിഎസിന്റെ ലേബലില്‍ വിജയിച്ച എംഎല്‍എയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതും ആര്‍എസ്എസ് നേതാക്കളുമായി നിരന്തരമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ സംരക്ഷിക്കുന്നതും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സംഘപരിവാര്‍ നേതൃത്വത്തോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണ്.
അജിത് പവാറിന്റെ എന്‍സിപിയിലേക്ക് എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ ചേര്‍ക്കാന്‍ ഇടതുമുന്നണിയിലെ എംഎല്‍എ കോടികള്‍ വാഗ്ദാനം ചെയ്തവിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തതും സംഘപരിവാര്‍ സ്വാധീനത്തിന്റെ ഭാഗമാണ്. കേരള രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ വലിയ മാറ്റത്തിന് നാന്ദി കുറിച്ച മുസ്ലിം ലീഗിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.