മുംബൈ: 100 സീറ്റ് വേണമെന്ന ആവശ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനത്തിൽ എത്താനാകാതെ ഇന്ത്യ മുന്നണി കുഴങ്ങുന്നു. സീറ്റ് വിഭജനം ഇന്നു പൂർത്തിയാകുമെന്ന് സംസ്ഥാന പിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു.
ഇതുവരെ കെട്ടുറപ്പോടെ നീങ്ങിയ ഇന്ത്യാ സഖ്യത്തിൽ ഏതാനും സീറ്റുകളുടെ പേരിലുള്ള തർക്കമാണ് തലവേദനയായി മാറിയിരിക്കുന്നത്. കോൺഗ്രസും ശിവസേനാ ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിൽ മത്സരിക്കുന്ന കാര്യം കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്.
തങ്ങൾ മത്സരിക്കാനിരുന്ന വിദർഭയിലെ രാംടെക്, മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് അടക്കം ഏതാനും സീറ്റുകളിൽ അന്തിമധാരണയാകുന്നതിനു മുൻപേ ഉദ്ധവ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ചെറിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് സന്നദ്ധത അറിയിച്ചിട്ടും ഉദ്ധവ് വിഭാഗം കടുംപിടിത്തം തുടരുന്നതായാണ് സൂചന.
സെഞ്ചറി തികയ്ക്കാൻ രണ്ടോ, മൂന്നോ സിക്സറുകൾ അടിച്ചാൽ മതിയെന്നാണ് 85 സീറ്റ് ലഭിച്ച ഉദ്ധവ് വിഭാഗത്തിലെ മുതിർന്ന നേതാവായ സഞ്ജയ് റാവുത്ത് ഇന്നലെ പ്രതികരിച്ചത്. നൂറു സീറ്റാണ് പാർട്ടിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് ഇത് അംഗീകരിക്കുന്നില്ല. ജയസാധ്യതയുള്ള ഒട്ടേറെ സീറ്റുകൾ എങ്ങനെ ഉദ്ധവ് വിഭാഗത്തിനു വിട്ടുകൊടുക്കുമെന്നതാണ് അവരുടെ ചോദ്യം.
അതിനിടെ, ചെറുസഖ്യകക്ഷിയായ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ (പിഡബ്ല്യുപി) സിറ്റിങ് സീറ്റായ ലോഹയിലും അവർ മത്സരിക്കാൻ പദ്ധതിയിട്ടിരുന്ന ഉറൻ, സംഗോള സീറ്റുകളിലും ഉദ്ധവ് വിഭാഗം സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് മുന്നണിയിൽ പുതിയ തലവേദനയ്ക്കു കാരണമായി. പൻവേൽ, ഉറൻ, പെൺ, അലിബാഗ്, ലോഹ, സൻഗോള എന്നീ 6 സീറ്റുകളാണ് പിഡബ്ല്യുപി ആവശ്യപ്പെട്ടിരുന്നത്.
മുന്നണി മര്യാദ ലംഘിച്ചുള്ള ഉദ്ധവ് വിഭാഗത്തിന്റെ പ്രഖ്യാപനത്തിനെതിരെ ശരദ് പവാറിനെ സമീപിച്ചിരിക്കുകയാണ് പിഡബ്ല്യുപി നേതാക്കൾ. 288 സീറ്റുകളുള്ള സംസ്ഥാനത്ത് ഇന്ത്യാ സഖ്യം 157 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഉദ്ധവ് പക്ഷം 65 പേരുടെ പട്ടിക പുറത്തിറക്കിയപ്പോൾ കോൺഗ്രസ് 48 പേരെയും എൻസിപി ശരദ് പവാർ വിഭാഗം 44 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
എൻഡിഎ 182 സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ശിവസേനാ ഷിൻഡെ വിഭാഗവും എൻസിപി അജിത് വിഭാഗവും കൂടുതൽ സീറ്റുകൾക്കായി പിടിമുറുക്കിയിരിക്കുന്നതാണ് നടപടികൾ നീളാൻ കാരണം. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് എൻസിപി അജിത് വിഭാഗം മുംബൈ ഘടകം അധ്യക്ഷൻ സമീർ ഭുജ്ബൽ പദവിയൊഴിഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സീറ്റ് തർക്കം തുടരുന്ന മഹായുതിയിലെ (എൻഡിഎ) പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെട്ടിട്ടുണ്ട്. സഖ്യകക്ഷികളായ എൻസിപി അജിത് വിഭാഗത്തിനും ശിവസേനാ ഷിൻഡെ വിഭാഗത്തിനും ഏതാനും സീറ്റുകൾ ബിജെപി വിട്ടുകൊടുത്തേക്കും. സ്വന്തം പാളയത്തിൽ നിന്നു വെല്ലുവിളി ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്ത് വോട്ട് ഭിന്നിപ്പിക്കാതെ നോക്കണമെന്നും അമിത് ഷാ ബിജെപി നേതാക്കളോടു നിർദേശിച്ചു.
ബിജെപി 99 പേരെയും ശിവസേനാ ഷിൻഡെ വിഭാഗം 45 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. എൻസിപി അജിത് വിഭാഗം 38 പേരുടെ പട്ടികയാണു പുറത്തിറക്കിയത്. നവംബർ 20ന് നടത്തുന്ന തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 29 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.