കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കി. യു.എ.പി.എ ചുമത്തി നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വകുപ്പ് ഒഴിവാക്കിയത്. 2023 ഒക്ടോബർ 29ന് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്‍ററില്‍ നടത്തിയ സ്ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യു.എ.പി.എ ഒഴിവാക്കിയതോടെ കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. മാർട്ടിനെതിരെ യു.എ.പി.എ ചുമത്താനുള്ള എല്ലാ നടപടിയും അന്വേഷണസംഘം സ്വീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. യു.എ.പി.എ ചുമത്താനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ കെ.എസ്. സുരേന്ദ്രൻ പറഞ്ഞു.
യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു. പ്രാർഥനക്കിടെയാണ് സ്ഫോടനം നടന്നത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിനിടെ ഗുരുതര പരിക്കേറ്റവര്‍ അടക്കം 294 സാക്ഷികളാണ് കേസിലുള്ളത്.
2500ഓളം പേര് സമ്മേളനസ്ഥലത്തുണ്ടായിരിക്കെയാണ് പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം സ്ഫോടനം നടത്തിയത്. സംഭവദിവസം രണ്ട് പേരും തുടര്‍ന്നുള്ള ദിവസങ്ങളിൽ ആറുപേരും മരിച്ചു. ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്പന്, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.