ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രം. അഭിമുഖത്തിലെ വിവാദ ഭാഗം നൽകിയത് പിആർ ഏജൻസിയാണെന്നാണ് വിശദീകരണം.
സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ മുൻ വാർത്തസമ്മേളനത്തിലേതാണെന്ന് പിആർ ഏജൻസി പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചതിൽ പത്രത്തിന് തെറ്റുപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദുവിന്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
സെപ്റ്റംബർ 9 നാണ് മാധ്യമപ്രവർത്തക അഭിമുഖത്തിനായി കേരളാഹൗസിലെത്തിയത്. ഇവർക്കൊപ്പം പിആർ ഏജൻസിയിലെ രണ്ട് പേർകൂടിയുണ്ടായിരുന്നു. 30 മിനിറ്റ് അഭിമുഖം നീണ്ടു. മുൻ വാർത്താ സമ്മേളനത്തിലെ സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ ഉൾപ്പെടുത്തണമെന്ന് പിആർ ഏജൻസി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദഭാഗങ്ങൾ അഭിമുഖത്തിൽ ഉൾക്കൊള്ളിച്ചത്. മാധ്യമധാർമികതയ്ക്ക് നിരക്കാത്ത നിലപാടായതിനാൽ ഖേദിക്കുന്നുവെന്ന് ഹിന്ദു പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഡൽഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. 'അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹപ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്' മുഖ്യമന്ത്രിയുടെ അഭിമുഖമായി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു.
എന്നാൽ അഭിമുഖത്തിൽ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ ഇല്ലെന്നും ഒരു ദേശമോ പ്രദേശമോ അഭിമുഖത്തിൽ ദേശവിരുദ്ധമെന്ന രീതിയിൽ പരാമർശച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യഖ്യാനിച്ചതാണെന്നും ചൂണ്ടികാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റ എഡിറ്റർക്ക് കത്തിയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.