ഡല്‍ഹി: ഡല്‍ഹിയിലെ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരത്തെ തുടക്കമിട്ട് കോണ്‍ഗ്രസ്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനൊപ്പം അധികാരത്തിലേറാന്‍ കൂടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന ഡല്‍ഹി ന്യായ് യാത്രക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തുടക്കമിട്ടു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് ആവേശം ഉള്‍കൊണ്ടാണ് 'ഡല്‍ഹി ന്യായ് യാത്ര'.നഗരങ്ങളിലെ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയാണ് കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുന്നത്. എഎപിയേയും ബിജെപിയേയും ഒന്ന് സമ്മർദത്തിലാക്കുക എന്ന ലക്ഷ്യവും പാർട്ടിക്കുണ്ട്. ഗാന്ധി സമാധിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ 8 മുതല്‍ ഡിസംബർ 4 വരെ നാല് ഘട്ടങ്ങളിലായി 70 മണ്ഡലങ്ങളിലൂടെയും കടന്നുപോകും.
നഗര വോട്ടര്‍മാരിലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഏറെക്കാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്, 2013 മുതല്‍ അധികാരത്തില്‍ നിന്ന് പുറത്താണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായില്ല.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുമായി കോണ്‍ഗ്രസ് കൈകോര്‍ക്കില്ലെന്ന് ഉറപ്പാണ്. ഒറ്റയ്ക്ക് മത്സരിക്കുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. നേതാക്കളൊക്കെ സംസാരിക്കുന്നത് സഖ്യസാധ്യതകള്‍ തള്ളിയാണ്. ഹരിയാനയില്‍ എഎപി സഖ്യത്തിനായി ശ്രമിച്ചെങ്കിലും ചോദിച്ച സീറ്റുകള്‍ കോണ്‍ഗ്രസ് കൊടുത്തില്ല. ആ സംസ്ഥാനം തന്നെ കോണ്‍ഗ്രസിന് കൈവിടേണ്ടിയും വന്നു.
അതേസമയം ഡല്‍ഹി ന്യായ് യാത്രക്ക് കോണ്‍ഗ്രസ് രണ്ടുംകല്‍പിച്ചാണ് ഇറങ്ങുന്നത്. 250 മുതല്‍ 300വരെയുള്ള കോണ്‍ഗ്രസ് പ്രവർത്തകർ രാപ്പകലില്ലാതെ യാത്രയുടെ ഭാഗമാകും. യാത്രയിലുടനീളം ജനങ്ങളുമായി സംവദിക്കുമെന്നും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കുറ്റപ്പെടുത്തുകയും ചെയ്തു അദ്ദേഹം. കഴിഞ്ഞ 11 വർഷമായി അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും പരിഗണിച്ചിട്ടില്ലെന്നും വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും എഎപിയും അംബേദ്കറുടെ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ എഎപിയും"മിഷൻ 2025" എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഡല്‍ഹിയിലെ എല്ലാവീടുകളിലേക്കും എത്തുന്ന തരത്തില്‍ വലിയ തോതിലുള്ള പ്രചാരണ ക്യാമ്പയിനാണ് എഎപിയുടെ പദ്ധതി. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ മുൻനിര നേതാക്കളെ ജാമ്യത്തില്‍ വിട്ടയച്ചതിന്റെ സന്തോഷവും എഎപി ക്യാമ്പിലുണ്ട്.
കെജരിവാളിന്റെ അറസ്റ്റിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി ജനങ്ങളുമായി സംവദിക്കുകയാണ് എഎപി. ജയില്‍ മോചിതനായ ശേഷം കെജ്‌രിവാള്‍ ജനങ്ങളെ കാണുന്നുണ്ട്. ഇതിനൊപ്പം അറസ്റ്റിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു.
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഇത്തരം പ്രവർത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുൻഗണന കൊടുക്കുന്നത്. ഇത് കൂടി കണ്ടാണ് ഡല്‍ഹി കോണ്‍ഗ്രസും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്.
അതിഷിയാണ് മുഖ്യമന്ത്രിയെങ്കിലും കടിഞ്ഞാണ്‍ ഇപ്പോഴും കെജരിവാളിന്റെ കൈകളിലാണ്. ഇനി ജനങ്ങള്‍ തെരഞ്ഞെടുത്താലെ അടുത്ത മുഖ്യമന്ത്രിയാകൂ എന്നാണ് കെജരിവാള്‍ നേരത്തെ വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.