ഹവാന: തുടർച്ചയായ രണ്ടാം ദിനവും ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ ഇരുട്ടില്‍. രാജ്യത്തെ പ്രധാനപ്പെട്ട ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റ് വെള്ളിയാഴ്ച സാങ്കേതിക തകരാറിലായതോടെയാണ് ക്യൂബ ഇരുട്ടിലായത്.
ആദ്യം തകർന്നതിനു ശേഷം നന്നാക്കിയ ഇലക്‌ട്രിക്കല്‍ ഗ്രിഡ് വീണ്ടും തകർന്നതാണ് വൈദ്യുതി വിതരണം പൂർണ്ണമായും നിലയ്ക്കാൻ കാരണം. വൈദ്യുതി മുടക്കം പതിവായതോടെ ക്യൂബയിലെ ജനങ്ങള്‍ ദുരിതത്തിലായി.പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടൻ വൈദ്യുതി വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ വക്താക്കള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ ഏറ്റവും വലിയ പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതി വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇലക്‌ട്രിക്കല്‍ ഗ്രിഡ് തകർന്നത്.
ഒരുകോടി ആളുകളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു. വൈദ്യുതി മുടക്കത്തെ തുടർന്ന് സ്കൂളുകളും വ്യവസായ ശാലകളും അടച്ചുപൂട്ടിയെന്നും രാജ്യത്ത് പവര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടർന്നാണ് പവർപ്ലാന്റുകളുടെ പ്രവർത്തനം താളം തെറ്റിയത്. വെനസ്വേല, റഷ്യ, മെക്സിക്കോ എന്നിവ ക്യൂബയിലേക്കുള്ള ഇന്ധന കയറ്റുമതി കുറച്ചതിനാല്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വെനസ്വേല ഈ വർഷം ക്യൂബയിലേക്കുള്ള സബ്‌സിഡി ഇന്ധനത്തിൻ്റെ പകുതിയോളം വെട്ടിക്കുറച്ചതിനാല്‍ രാജ്യത്ത് വിലക്കയറ്റമുണ്ടായി.
ക്യൂബയിലെ വൈദ്യുതി മുടക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാല്‍, ക്യൂബയിലെ ഗ്രിഡ് തകർച്ചയില്‍ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. രണ്ട് തെർമോ ഇലക്‌ട്രിക് പവർ പ്ലാൻ്റുകള്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും രണ്ടെണ്ണം അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഊർജമന്ത്രി ഒലെവി പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യത്തിനാണ് താൻ മുൻഗണന നല്‍കുന്നതെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗ്വല്‍ ഡിയാസ്-കാനല്‍ പറഞ്ഞു. രാജ്യത്ത് വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.