ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ ബംഗ്ലാദേശിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭവന് ഉപരോധിച്ചു.
പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് കൊട്ടാരം ഉപരോധിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള സമരം നയിച്ച ആന്റി ഡിസ്ക്രിമിനേഷന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ്, പ്രസിഡന്റ് ഷഹാബുദ്ദീന്റെ രാജി അടക്കമുള്ള അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാര്‍ റാലിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സമരം പ്രഖ്യാപിച്ചത്.
ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ ഉറ്റ ചങ്ങാതിയാണ് പ്രസിഡന്റ് ഷഹാബുദ്ദീനെന്നും, അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിന്റെ പതിനാറാം പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീന്. 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഷഹാബുദ്ദീന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
1972 ല്‍ എഴുതിയ ഭരണഘടന റദ്ദാക്കണമെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതിയ ഭരണഘടന എഴുതണം. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
ഹസീനയുടെ കീഴില്‍ 2024, 2018, 2024 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഈ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കണം.
ജൂലൈ-ഓഗസ്റ്റ് കലാപത്തിന്റെ സത്ത ഉള്‍ക്കൊണ്ട് റിപ്പബ്ലിക് പ്രഖ്യാപനം നടത്തണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച്, രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നിരുന്നു.
ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 8 ന്, നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.