വ്യാജ അറസ്റ്റും, വ്യാജ സുപ്രീംകോടതി വിചാരണയും നടത്തി പ്രമുഖ വ്യവസായിയിൽ നിന്ന് 7 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: ദിവസങ്ങള്‍ നീണ്ട സംഘടിത നീക്കത്തിലൂടെ പത്മഭൂഷന്‍ പുരസ്‌കാര ജേതാവും വര്‍ധമാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ എസ്പി ഓസ്വാളില്‍ (82) നിന്ന് 7 കോടി രൂപ തട്ടി തട്ടിപ്പുകാര്‍. വ്യാജ അറസ്റ്റും, വ്യാജ സുപ്രീംകോടതി വിചാരണയും ഉള്‍പ്പടെ നടത്തിയാണ് തട്ടിപ്പു നടത്തിയത്.

ഓഗസ്റ്റ് 31 നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്തര്‍സംസ്ഥാന സംഘമാണ് ഈ തട്ടിപ്പിന് പിറകിലെന്ന് കണ്ടെത്തിയ പോലീസ് ഗുവാഹട്ടിയില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏഴ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അസം, പശ്ചിമബംഗാള്‍, ഡെല്‍ഹി എന്നിവിടങ്ങളിലായാണ് ഈ സംഘം പ്രവര്‍ത്തിച്ചുവന്നിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപിച്ചാണ് തട്ടിപ്പുകാര്‍ ഓസ്വാളിനെ വലയിലാക്കിയത്. തുടര്‍ന്ന് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാജ അറസ്റ്റ് വാറണ്ട് കാണിച്ച് അദ്ദേഹത്തെ വിശ്വസിപ്പിച്ചു. വ്യാജ സുപ്രീംകോടതി ഉത്തരവും തട്ടിപ്പുകാര്‍ അദ്ദേഹത്തെ കാണിച്ചു. സീക്രട്ട് സൂപ്പര്‍ വിഷന്‍ ഫണ്ടിലേക്കെന്ന പേരില്‍ ഏഴ് കോടി രൂപ ഓസ്വാളില്‍ നിന്ന് തട്ടിയെടുക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് സംഭവം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റിലായ കേസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ ഓസ്വാളിനെ ബന്ധപ്പെട്ടത്. സ്‌കൈപ്പ് കോള്‍ വഴി വ്യാജ സുപ്രീംകോടതി വിചാരണയും തട്ടിപ്പുകാര്‍ നടത്തി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡായി ആള്‍മാറാട്ടം നടത്തിയ ആളാണ് ഈ വ്യാജ 'വിര്‍ച്വല്‍ കോടതിയില്‍' വാദം കേട്ടത്. ഇതിന് ശേഷം കോടതി ഉത്തരവ് വാട്‌സാപ്പ് വഴി ഓസ്വാളിന് അയച്ചുകൊടുത്തു.

ഓഗസ്റ്റ് 29 മുതല്‍ ഓഗസ്റ്റ് 30 വരെ ദിവസങ്ങളെടുത്ത ശ്രമത്തിലൂടെയാണ് തട്ടിപ്പുകാര്‍ ഓസ്വാളിനെ കെണിയിലാക്കിയത്. സിബിഐ ഓഫീസര്‍മാരാണെന്ന് പറഞ്ഞ് ഫോണില്‍ സ്‌കൈപ്പ് കോള്‍ ചെയ്ത് രണ്ട് ദിവസത്തോളം തന്നെ തത്സമയം നിരീക്ഷിച്ചുവെന്നും ഉറങ്ങുമ്പോള്‍ പോലും നിരീക്ഷണം തുടര്‍ന്നുവെന്നും ഓസ്വാള്‍ പറയുന്നു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണെന്ന് പറഞ്ഞയാളെ വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. സംസാരിക്കുന്നതും ടേബിളില്‍ ചുറ്റികകൊണ്ട് അടിക്കുന്നതും കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും ഓസ്വാള്‍ പറയുന്നു.

'മുംബൈയില്‍ എന്റെ പേരിലുള്ള കനറാബാങ്ക് അക്കൗണ്ടില്‍ ക്രമക്കേടുകളുണ്ടെന്നും നിയമവിരുദ്ധമായി ഞാന്‍ പാര്‍സല്‍ അയച്ചുവെന്നും അവര്‍ പറഞ്ഞു. ഈ സംഭവം ആരോടും പങ്കുവെക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.' ഓസ്വാള്‍ പറയുന്നു.

ഓസ്വാളിന്റെ പേരില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകളും അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ വാട്‌സാപ്പ് വഴി അയച്ചുകൊടുത്തു.

അദ്ദേഹത്തെ ഡിജിറ്റല്‍ നിരീക്ഷണത്തില്‍ ഇരുത്താന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമ നിര്‍ദേശങ്ങളുള്ള രേഖയും അയച്ചുകൊടുത്തു. ക്യാമറയുടെ കാഴ്ച തടസപ്പെടുത്തരുത്, അനുമതിയില്ലാതെ സന്ദേശങ്ങള്‍ അയക്കരുത്, ഫോണ്‍ കോള്‍ എടുക്കരുത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

നരേഷ് ഗോയല്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സിബിഐ ഡിജിറ്റല്‍ കസ്റ്റഡിയിലാക്കിയെന്നറിയിച്ചുള്ള ഉത്തരവും അയച്ചുകൊടുത്തു. ഈ രീതിയില്‍ ഓസ്വാളിനെ വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് തട്ടിപ്പുസംഘം ഏഴുകോടി രൂപയോളം കൈക്കലാക്കിയത്.

പിന്നീട് ഈ സംഭവം തന്റെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനുമായി പങ്കുവെച്ചതോടെയാണ് സംശയം തോന്നുകയും പേലീസിനെ സമീപിക്കുകയും ചെയ്തത്.

സംഭവത്തില്‍ ഓഗസ്റ്റ് 31 നാണ് ലുധിയാന സൈബര്‍ ക്രൈം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി നിഷ്‌ക്രിയമാക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. 5.25 കോടി രൂപ വീണ്ടെടുക്കാന്‍ ഇതുവഴി പോലീസിന് സാധിച്ചു. ഈ തുക ഓസ്വാളിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചയച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വീണ്ടെടുക്കപ്പെടുന്ന ഏറ്റവും വലിയ തുകയാണിതെന്ന് അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ എസ്.പി. ഒസ്വാള്‍ പരാതി നല്‍കി 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്താനായതായി പോലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രണ്ട് ചെറുകിട വ്യവസായികളാണ് ഈ കേസില്‍ ഗുവാഹട്ടയില്‍ നിന്ന് പിടിയിലായതെന്ന് പോലീസ് പറയുന്നു. മറ്റുള്ള ഏഴ് പേര്‍ക്കുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒരു മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !