തിരുവനന്തപുരം: മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകൾക്ക് മലയാളത്തിൽ തന്നെ മറുപടി നൽകണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹക്കിം.
അഴിമതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. നികുതിപ്പണം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്ന വിവരം കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ പൗരൻ ലഭ്യമാക്കുകയാണ് ഈ നിയമത്തിലൂടെ സാധ്യമാകുന്നത്. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്കിടയിൽ ബോധവത്കരണം ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ കോളേജുകളിലും ആർടിഐ ക്ലബ്ബുകൾ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
വിവരാവകാശ അപേക്ഷ ലഭ്യമാക്കി 30 ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകുന്ന പ്രവണതയാണ് കാണുന്നത്. എന്നാൽ അപേക്ഷ ലഭിച്ചാൽ 5 ദിവസത്തിനുള്ളിൽ തന്നെ നടപടികൾ ആരംഭിക്കണം. വിവരാവകാശ നിയമം പലമാധ്യമ പ്രവർത്തകരുടെയും പ്രധാന വാർത്താ ഉറവിടമാകുന്നതു വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. നിയമത്തിൻ്റെ ദുരുപയോഗത്തെക്കുറിച്ചും ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീയുടെ അന്തസ്സ് ഹനിക്കപ്പെടുമ്പോൾ ശക്തമായി ഇടപെടുന്ന സർക്കാരാണ് ഇന്നുള്ളതെന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിനുമുമ്പും ശേഷവും വ്യക്തമായിട്ടുള്ളതാണെന്ന് ചടങ്ങിൽ അക്കാദമി ആർ.എസ്. ബാബു പറഞ്ഞു. സിനിമ - സീരിയൽ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള ഹേമകമ്മറ്റിയും റിപ്പോർട്ടും, റിപ്പോർട്ട് വെളിച്ചത്ത് വരാൻ നിലപാടെടുത്ത വിവരാവകാശ കമ്മിഷണറും ഉണ്ടായത് പിണറായി സർക്കാരാണ് എന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ദ ഹിന്ദു സീനിയർ അസി. എഡിറ്റർ കെ.എസ് സുധി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ.രാജഗോപാൽ, അധ്യാപിക കെ. ഹേമലത, വിദ്യാർഥി പ്രതിനിധികളായ ദശമി, എ. സാജിത എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.