ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ചെന്നായ ഭീതിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞു. ചെന്നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഇതുവരെ ഏഴ് കുട്ടികളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 36 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബഹ്റൈച്ചിലെ മെഹ്സി താലൂക്കിലെ പ്രദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകള്‍ക്ക് കാരണം ആവാസവ്യവസ്ഥ നഷ്ടപ്പെടുകയോ കുഞ്ഞുങ്ങളെ കൊല്ലുകയോ ചെയ്തതിന് ചെന്നായ്ക്കൂട്ടം പ്രതികാരം വീട്ടുന്നതാകാം എന്ന അവകാശവാദവുമായി വിദഗ്ധന്‍ രംഗത്തെത്തി.കുട്ടികള്‍ ഉള്‍പ്പെടെ മനുഷ്യര്‍ക്ക് നേരെയുള്ള ചെന്നായ ആക്രമണം മാര്‍ച്ച് മുതല്‍ ബഹ്റൈച്ചില്‍ നടക്കുന്നുണ്ടെങ്കിലും ജൂലൈ 17 മുതലാണ് ഇത് ഭീതിജനകമായ നിലയിലേക്ക് വര്‍ധിച്ചത്.
മറ്റ് വേട്ടയാടുന്ന മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെന്നായ്ക്കള്‍ക്ക് പ്രതികാരം ചെയ്യാനുള്ള പ്രവണതയുണ്ടെന്ന് മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനും ബഹ്റൈച്ച് ജില്ലയിലെ കതര്‍നിയാഘട്ട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ മുന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ ഗ്യാന്‍ പ്രകാശ് സിങ്് പറഞ്ഞു.'
എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ചെന്നായ്ക്കള്‍ക്ക് പ്രതികാരം ചെയ്യാനുള്ള പ്രവണതയുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും. മുന്‍കാലങ്ങളില്‍, മനുഷ്യര്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദോഷം വരുത്തിയിരിക്കണം. അതിനാലാണ് ഇവ പ്രതികാരമായി കുട്ടികളെയടക്കം ആക്രമിക്കുന്നത് സിങ് പറഞ്ഞു.
25 വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍, പ്രതാപ്ഗഡ് ജില്ലകളിലെ സായ് നദിയുടെ തീരത്ത് 50ലധികം കുട്ടികളെ ചെന്നായ്ക്കള്‍ കൊലപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ ചില കുട്ടികള്‍ രണ്ട് ചെന്നായ്ക്കുട്ടികളെ കൊന്നതായി കണ്ടെത്തി.
വളരെ അക്രമാസക്തരായി മാറിയ, ചെന്നായ്ക്കുട്ടികളുടെ മാതാപിതാക്കള്‍ പ്രദേശത്ത് താമസിക്കുന്ന മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങി. ചെന്നായ്ക്കൂട്ടത്തെ പിടികൂടാന്‍ വനംവകുപ്പ് വലിയ തോതില്‍ ശ്രമം നടത്തിയെങ്കിലും നരഭോജികളായ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. ഒടുവില്‍ ഇവയെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ട് ചെന്നായ്ക്കുട്ടികള്‍ ട്രാക്ടറിന്റെ ചക്രത്തിനടിയില്‍പ്പെട്ട് ചത്തിരുന്നു. അക്രമാസക്തരായി മാറിയ മറ്റു ചെന്നായ്ക്കള്‍ പ്രദേശവാസികളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ, അവയില്‍ പലതിനെയും പിടികൂടി 40 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വിട്ടയച്ചു.
ഒരുപക്ഷേ ഇവിടെ ഒരു തെറ്റ് സംഭവിച്ചിരിക്കാം. ചെന്നായ്ക്കളുടെ സ്വാഭാവിക ആവാസകേന്ദ്രമല്ല ഈ വനം. അതേ ചെന്നായ്ക്കള്‍ തിരിച്ചുവന്ന് പ്രതികാരം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വനംവകുപ്പ് ഇതുവരെ നാല് ചെന്നായ്ക്കളെയാണ് പിടികൂടിയത്. എന്നാല്‍ എല്ലാ നരഭോജി ചെന്നായ്ക്കളെയും പിടികൂടാനുള്ള സാധ്യത വളരെ കുറവാണെന്നും അല്ലെങ്കില്‍ ആക്രമണം അവസാനിക്കുമായിരുന്നുവെന്നും ഗ്യാന്‍ പ്രകാശ് സിങ്് പറഞ്ഞു.
ഇതുവരെ പിടികൂടിയ നാല് ചെന്നായ്ക്കളും നരഭോജികളാകണമെന്നില്ല. ഒരു നരഭോജിയെ പിടികൂടിയെങ്കിലും മറ്റുള്ളവ രക്ഷപ്പെട്ടു എന്നും വരാം. അതുകൊണ്ടായിരിക്കാം പിന്നീടും മൂന്നോ നാലോ ആക്രമണങ്ങള്‍ നടന്നതെന്നും ഗ്യാന്‍ പ്രകാശ് സിങ്് പറഞ്ഞു.
സിംഹങ്ങള്‍ക്കും പുള്ളിപ്പുലികള്‍ക്കും പോലും ചെന്നായ്ക്കളെ പോലെ പ്രതികാരം ചെയ്യാനുള്ള പ്രവണതയില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് പ്രതാപ് സിങ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.