ജലന്ധര്‍: യുഎസ് സന്ദര്‍ശനത്തിനിടെ സിഖ് വംശജരെപ്പറ്റി കോണ്‍ഗ്രസ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് തഖ്ദ് ദംദമ സാഹിബ് ജതേദര്‍ ഗിയാനി ഹര്‍പ്രീത് സിംഗ്
രാഹുല്‍ പറഞ്ഞത് ശരിയാണെന്ന് ജതേദര്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് സിഖുകാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.വിവിധ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നെങ്കിലും സിഖുകാരുടെ സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചരിത്രപരമായി നോക്കിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് സിഖുകാര്‍ക്ക് നേരെ പീഡനങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയത്. എന്നാല്‍ സിഖ് വംശജരുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി രാഹുല്‍ ഗാന്ധി പറഞ്ഞത് വളരെ ശരിയാണ്. സിഖുകാരുടെ സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല.
ഏത് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാലും അത് ആദ്യം ഉപയോഗിക്കുന്നത് സിഖുകാര്‍ക്ക് എതിരെയാണ്. സിഖുകാര്‍ക്കെതിരെ വിദ്വേഷ പ്രചരണവും ശക്തമാകുന്നുണ്ട്," എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി സിഖ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ജതേദറിന്റെ ഈ പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിനിധി സംഘം കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ബിജെപി ദേശീയ സെക്രട്ടറി മജീന്ദര്‍ സിംഗ് സിര്‍സ, ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷന്‍ ഹര്‍മീത് സിംഗ് കല്‍ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അപലപിച്ച സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം പരീക്ഷ ഹാളുകളില്‍ ടര്ബന് ധരിച്ചെത്തിയ സിഖ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സംഭവങ്ങളും ഹര്‍മീത് സിംഗ് കല്‍ക്ക ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
സെപ്റ്റംബറില്‍ നടത്തിയ അമേരിക്കന്‍ പര്യടനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സിഖുകാരെപ്പറ്റി പരാമര്‍ശം നടത്തിയത്. സിഖുകാരനായ ഒരു വ്യക്തിയ്ക്ക് ടര്ബന് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ ചോദിച്ചത്.
പിന്നാലെ രാഹുലിന്റെ പരാമര്‍ശത്തെ പിന്തുണച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷന്‍ ഹര്‍ജിന്ദര്‍ സിംഗ് ദാമി രംഗത്തെത്തിയിരുന്നു. എന്നാല്‍ മാറിമാറിവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സിഖുകാരെ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.