ഹൂസ്റ്റണ്‍: ഭൂമിയിലേക്കുള്ള മടക്കം 2025 ഫെബ്രുവരിയിലേക്ക് നീട്ടിയതിന് ശേഷം ആദ്യമായി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് നാസയുടെ പ്രസ് കോണ്‍ഫറന്‍സിലൂടെ തത്സമയം ലോകത്തോട് സംസാരിക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുന്നുകൊണ്ടാണ് ഇരുവരും ഭൂമിയിലെ ആളുകളുമായി വിശേഷങ്ങള്‍ പങ്കുവെക്കുക.എട്ട് ദിവസം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാര്‍ കാരണം എട്ട് മാസത്തിലേക്ക് നീണ്ടതിന്റെ ആശങ്കകളുണ്ട് ലോകത്ത്. 2024 ജൂണ്‍ 6നായിരുന്നു ഇരുവരും ഐഎസ്എസില്‍ എത്തിച്ചേര്‍ന്നത്.
ഇവരെ വഹിച്ചുകൊണ്ടുപോയ സ്റ്റാര്‍ലൈനര്‍ പേടത്തില്‍ ഹീലിയോ ചോര്‍ച്ചയുണ്ടായതോടെ മടക്കം 2025 ഫെബ്രുവരിയിലേക്ക് നാസയ്ക്ക് നീട്ടിവെക്കേണ്ടിവരികയായിരുന്നു.
ബഹിരാകാശ നിലയത്തിലെ ദീര്‍ഘമായ താമസം ഇരുവരുടെയും ആരോഗ്യം അപകടത്തിലാക്കുമോ എന്ന ആശങ്കകള്‍ സജീവമാണ്. ഇതിനിടെയാണ് ഇരു ബഹിരാകാശ യാത്രികരും ഇന്ന് നാസയുടെ പ്രസ് കോണ്‍ഫറന്‍സിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവരങ്ങള്‍ ലോകത്തെ തത്സമയം അറിയിക്കുക.
ഇന്ന് (സെപ്റ്റംബര്‍ 13) ഇന്ത്യന്‍ സമയം രാത്രി 11.45നാണ് 'എര്‍ത്ത്-ടു-സ്പേസ് കോള്‍' ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള ഈ ആശയവിനിമയം പൊതുജനങ്ങള്‍ക്ക് അത്യപൂര്‍വ അനുഭവമാകും സമ്മാനിക്കുക
. സുനിതയും ബുച്ചും എന്ത് സംസാരിക്കും എന്ന ആകാംക്ഷയിലാണ് ലോകം. ബഹിരാകാശ നിലയത്തിലെ ദൈന്യംദിന ജീവിതം, ഗവേഷണം, ആരോഗ്യം തുടങ്ങിയവയെ കുറിച്ച് സുനിതയും ബുച്ചും മനസുതുറക്കും എന്നാണ് കരുതപ്പെടുന്നത്.
2024 ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം കുതിച്ചത്. 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്.
നാസയും സ്വകാര്യ കമ്പിനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിന്റെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കണ്ട്രോള് ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി.
സുനിതയുടെയും ബുച്ചിന്റെയും തിരികെയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങള്‍ നീളുകയും ഇരുവരുടെയും മടക്കം 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.