തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ലോക്നാഥ് ബെഹ്റയുടെ കാലാവധി വീണ്ടും നീട്ടി സർക്കാർ.
കഴിഞ്ഞ 28ന് മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയ ലോക്നാഥ് ബെഹ്റയുടെ സേവനം ഒരു വർഷത്തേക്കുകൂടിയാണ് നീട്ടിയത്.മുൻ സംസ്ഥാന പോലീസ് മേധാവി കൂടിയായ ലോക്നാഥ് ബെഹ്റ കേന്ദ്ര സർക്കാരിന്‍റെ അനുമതി നേടിയെടുത്ത ശേഷമാണ് സംസ്ഥാന സർക്കാർ കാലാവധി നീട്ടിനല്‍കിയത്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനും കൊച്ചി വാട്ടർ മെട്രോ പദ്ധതി നിർണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലും മാനേജിംഗ് ഡയറക‌്ടറായുള്ള ബെഹ്റയുടെ സേവനം അനിവാര്യമാണെന്ന കേന്ദ്ര നഗരകാര്യ-ഭവന നിർമാണ മന്ത്രാലയത്തിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് കാലാവധി കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ ഒരു വർഷത്തേക്കു നീട്ടിനല്‍കിയത്.
കാലാവധി നീട്ടിനല്‍കണമെന്ന് അഭ്യർഥിച്ചു ബെഹ്റ തലപ്പത്തുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് ഓഗസ്റ്റ് ഏഴിന് കത്തു നല്‍കിയിരുന്നു. നഗരകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഓഗസ്റ്റ് 30നു ലഭിച്ചശേഷം കാലാവധി നീട്ടാൻ അഭ്യർഥിച്ചു സംസ്ഥാന സർക്കാരിനു കത്തു നല്‍കി.
ലോക്നാഥ് ബെഹ്റയുടെ കാലാവധി നീട്ടാൻ അഭ്യർഥിച്ചുള്ള കേന്ദ്ര സർക്കാരിന്‍റെ ശിപാർശ പരിശോധിച്ച ശേഷം സംസ്ഥാന ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സെപ്റ്റംബർ 11ന് കെഎംആർഎല്‍ എംഡിയായുള്ള ലോക്നാഥ് ബെഹ്റയുടെ കാലാവധി ഒരു വർഷത്തേക്കു നീട്ടിനല്‍കുകയായിരുന്നു.
പിണറായി സർക്കാരിന്‍റെ കാലത്ത് ദീർഘനാള്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ വിരമിച്ചതിനു തൊട്ടുപിന്നാലെ 2021 ഓഗസ്റ്റ് 28ന് മൂന്നു വർഷ കാലാവധിയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക‌്ടറായി നിയമിച്ചു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെ ഒരു വർഷം കൂടി നീട്ടി ഉത്തരവിറക്കിയത്.
ബെഹ്റ ഡിജിപിയായിരിക്കേയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉയർന്ന സ്വർണക്കടത്ത് കേസ് അടക്കം വന്നത്. കേന്ദ്ര സർക്കാരുമായി ചേർന്നു സ്വർണക്കടത്ത് ഒതുക്കാൻ ബെഹ്റ ഇടനിലക്കാരനായെന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.