തിരുവനന്തപുരം: ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വയനാട് വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ തളർച്ച പരിഹരിക്കാനായി സംസ്ഥാന സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള പ്രചരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതിന്‍റെ ഭാഗമായി വയനാട്ടില്‍ ബ്ലോഗർമാരുടെ മീറ്റ് നടത്തും. നിലവിലെ സാഹചര്യത്തില്‍ വയനാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനായാണ് സർക്കാരിന്‍റെ ശ്രമം. വയനാട്ടിലെ ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങളില്‍ മാത്രമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.എന്നാല്‍ ദുരന്തത്തെ പൊതുവായി വയനാട് ദുരന്തം എന്നു പരാമർശിക്കുന്നത് തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ വയനാട്ടിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വയനാട്ടിലെ റിസോർട്ടുകളിലെയെല്ലാം ബുക്കിങ് കൂട്ടത്തോടെ റദ്ദായിക്കൊണ്ടിരിക്കുകയാണ്.
വയനാട്ടിലെ മാത്രമല്ല കേരളത്തിലെ മൊത്തം ടൂറിസത്തെ ഉരുള്‍പൊട്ടല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിരവധി മനോഹരമായ കടല്‍ത്തീരങ്ങളും, മലനിരകളും, തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമുള്ള കേരളത്തിന്‍റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ടൂറിസം.
ഓണക്കാലം ടൂറിസം മേഖല വലിയ നേട്ടം കൈവരിക്കാറുണ്ട്. ഇൻഫ്ലുവൻസേഴ്സ് അടക്കമുള്ളവരുടെ സഹകരണത്തോടെ ഈ ഓണക്കാലത്ത് വയനാട്ടിലേക്ക് ധാരാളം വിനോദസഞ്ചാരികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
മൈ കേരള ഇസ് എവർ ബ്യൂട്ടിഫുള്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയിൻ നടത്തുക. വയനാട് സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കുന്നതിനായി താനും കുടുംബവും വയനാട്ടിലെത്തി സമയം ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 17 ലക്ഷം സഞ്ചാരികളാണ് വയനാട്ടില്‍ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.