തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം.
സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്.
അതിനിടെ, വൈഷ്ണ ഭര്‍ത്താവുമായി പിണക്കത്തിലായിരുന്നുവെന്നും ഇയാള്‍ ഇടയ്ക്കിടെ ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്നും നേമം പൊലീസ് എസ്എച്ച്ഒക്കു രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വൈഷ്ണയുടെ കുടുംബം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുള്ളതായി പൊലീസ് തിരിച്ചറിഞ്ഞത്.
വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്ക്കങ്ങളില് ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചു. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനു തീകൊളുത്തിയതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണയുടേതെന്ന് സംശയിക്കുന്ന ഇന്ധനത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മരിച്ചത് ബിനു തന്നെയാണോ എന്ന് ഡിഎന്‍എ ഫലം പുറത്തുവന്ന ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൂടാതെ കൊലപാതക കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വടക്കന്‍ കേരളത്തില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തേക്കു താമസം മാറിയതാണ് വൈഷ്ണയുടെ കുടുംബം.അമ്മ സുധാകലയും സഹോദരങ്ങളുമെല്ലാം തിരുവനന്തപുരത്താണു താമസം.
നാലു വര്‍ഷം മുന്‍പാണ് വൈഷ്ണ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിനു സമീപത്തെ വാടക വീട്ടിലെത്തിയത്. സഹോദരന് വിഷ്ണുവും ഇവിടെയാണ് താമസം.
ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്റ് ബിമണി നടത്തിയിരുന്ന പാപ്പനംകോട്ടെ ഏജന്‍സി ഓഫിസില്‍ ഏഴു വര്‍ഷം മുന്‍പാണ് വൈഷ്ണ ജോലിക്കു കയറിയത്. ഇന്നലെയും സ്കൂട്ടറില്‍ ജോലിക്കെത്തി.
കുറച്ചു നാള് മുന്‍പ് വൈഷ്ണയുടെ ഭര്‍ത്താവ് ബിനു ഓഫിസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നേമം യുപി സ്കൂളില്‍ നിന്നു പേരക്കുട്ടികളെ കൂട്ടി ഓട്ടോറിക്ഷയില്‍ വരുമ്പോഴാണ് മകള്‍ വൈഷ്ണയ്ക്കു പൊള്ളലേറ്റു എന്ന വിവരം സുധാകല അറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.