തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎയും. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിലാണ് കോൺഗ്രസ് നേതാവും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ ഇടംപിടിച്ചത്.
ദേശീയപാത അതോറിറ്റി പുറത്തിറക്കിയ 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്. ഇതാദ്യമായാണ് ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്.ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്.
സംഘപരിവാർ ബന്ധമുള്ളവരെ മാത്രം ഉൾപ്പെടുത്തിയാണ് സാധാരണ കേന്ദ്രസർക്കാർ അഭിഭാഷക പാനലുകൾ തയ്യാറാക്കാറുള്ളത്. സിപിഎമ്മുമായി ബന്ധമുള്ള ചില അഭിഭാഷകരും പാനലിൽ ഇടംപിടിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,
താൻ എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പാണ്, ദേശീയപാത അതോറിറ്റിയുടെ അഭിഭാഷക പാനലിലേക്ക് അപേക്ഷിച്ചിരുന്നത്. 2022 നവംബറിൽ അഭിഭാഷകരുടെ പട്ടികയിൽ താനും ഉൾപ്പെട്ടിരുന്നു.
ഇത് പുതുക്കിയ പട്ടികയാണെന്നും, പുതിയ നിയമനമല്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അഭിഭാഷക പട്ടിക പുതുക്കുന്നതിനായി താൻ ദേശീയപാത അതോറിറ്റിക്ക് ഒരു നിരാക്ഷേപ പത്രവും നൽകിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തന്റേത് രാഷ്ട്രീയ നിയമനമോ, കേന്ദ്രസർക്കാരിന്റെ നിയമനമോ അല്ല. നാഷണൽ ഹൈവേ അതോറിറ്റി റിജീയണൽ ഓഫീസറാണ് നിയമനം നടത്തിയത്. പഴയ പട്ടികയുടെ തുടർച്ച മാത്രമാണിത്. ആലപ്പുഴ പ്രോജക്ടിന് വേണ്ടിയുള്ള നിയമനമാണിത്.
ദേശീയപാത അതോറിറ്റി ചില സർട്ടിഫിക്കറ്റുകൾ ചോദിച്ചു. തന്റെ ഓഫീസ് അതു നൽകുകയുമായിരുന്നു. പുതിയ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കണോ ഉപേക്ഷിക്കണോ എന്നത് പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.