പറവൂര്‍: മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ കയര്‍ ദേഹത്തു മുറുകി ദാരുണമായി മരിച്ചത് മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ 28കാരന്.
തത്തപ്പിള്ളിയില്‍ താമസിക്കുന്ന വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാന്റേഷനില്‍ മോഹന്‍കുമാര്‍ (മോനു 28) ആണ് അതിദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ താലൂക്ക് ആശുപത്രി വളപ്പിലായിരുന്നു അപകടം.ഹൃദയഭേദകമായിരുന്നു ആ കാഴ്ച. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് മൃതദേഹം മരത്തില്‍ നിന്നു താഴെയിറക്കാനായത്.
ആശുപത്രിയുടെ മുറ്റത്ത് നിന്ന കൂറ്റന്‍ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയാണ് യുവാവ് അപകടത്തില്‍ പെട്ടത്.
നില്ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ മുറിക്കുന്ന ശിഖരം സുരക്ഷിതമായി താഴേക്ക് കെട്ടി ഇറക്കാന്‍ മറ്റൊരു കൊമ്പില്‍ കയര്‍ കെട്ടിയിരുന്നു.
സ്വയരക്ഷയ്ക്ക് വേണ്ടി തന്റെ ദേഹത്ത് കെട്ടിയിരുന്ന കയറും ആ കൊമ്പില്‍ തന്നെ കെട്ടി. മുറിച്ച കൊമ്പ് ഇറക്കുന്നതിനിടെ സുരക്ഷയ്ക്കായി കയര്‍ കെട്ടിയിരുന്ന ശിഖരം കൂടി ഒടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്.
അതോടെ ദേഹത്ത് കെട്ടിയിരുന്ന കയര്‍ മോഹന്‍കുമാറിനെ മരക്കൊമ്പിനോട് ചേര്‍ത്ത് ഞെരുക്കിക്കളഞ്ഞു.
നെഞ്ചിന്റെ ഭാഗം വലിഞ്ഞു മുറുകിയതു മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ അഗ്നിരക്ഷാസേന എത്തിയെങ്കിലും മോഹന്‍കുമാര്‍ മരക്കൊമ്പില്‍ കുടുങ്ങിക്കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. സംഭവമറിഞ്ഞ് ഒട്ടേറെയാളുകള്‍ ആശുപത്രി അങ്കണത്തില്‍ തടിച്ചുകൂടി.
മൂന്ന് ഉദ്യോഗസ്ഥര്‍ മരത്തില്‍ കയറി ഏറെ പണിപ്പെട്ടു മോഹന്‍കുമാറിനെ വല കൊണ്ടുള്ള ഒരു കൂടിന്റെ ഉള്ളിലാക്കി. നാട്ടുകാരും അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു താഴെ മറ്റൊരു വലിയ വല വിരിച്ചു പിടിച്ചു.
തുടര്‍ന്നു വലക്കൂടിന്റെ വശങ്ങളില് ഘടിപ്പിച്ചിരുന്ന കയര്‍ പതിയെ അയച്ച് താഴേക്ക് ഇറക്കുകയായിരുന്നു. ഭാര്യ: അശ്വതി. മക്കള്‍: ഋതിക, ഋഷിക, ഋഷ്വി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.