കവന്‍ട്രി: കഴിഞ്ഞ രാത്രി പത്തു മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ മാഞ്ചസ്റ്റര്‍ മലയാളി പ്രദീപിന് ആകസ്മിക മരണം.
ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല് തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്.
പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്സിനേയും പോലീസിനെയും അടിയന്തിരമായി വിവരം അറിയിക്കുക ആയിരുന്നു. രാത്രി പത്തുമണിയോടെയാണ് സംഭവം എന്ന് കൂടെയുള്ളവര്‍ പറയുന്നു. പോലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ അടുത്തതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പോലീസ് കേരള പോലീസിന്റെ സഹായത്തോടെ വിവരം കൈമാറുക ആയിരുന്നു. അവധി കഴിഞ്ഞു യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോളാണ് ദാരുണമായ വിവരം എത്തുന്നത്. ഇന്ന് രാത്രിയോടെ ഇവര്‍ മാഞ്ചസ്റ്ററില്‍ എത്തും. തുടര്‍ന്നായിരിക്കും മറ്റു കാര്യങ്ങളില്‍ തീരുമാനം ആകുക.
പ്രദീപിന്റെ മരണം മാഞ്ചസ്റ്ററിലെ മലയാളി സുഹൃത്തുക്കളെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. കാര്യമായ ആരോഗ്യ പ്രശനങ്ങള്‍ ഇല്ലാതെ ജീവിച്ചിരുന്ന പ്രദീപിന് 49 വയസില്‍ തന്നെ മരണമെത്തിയ സങ്കടമാണ് സുഹൃത്തുക്കള്‍ പങ്കിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.