യുകെ:നിതംബവും സ്തനങ്ങളും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിനുള്ള ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് എന്ന ചികിത്സാരീതിക്ക് ബ്രിട്ടനില്‍ ആദ്യ ഇര ഉണ്ടായിരിക്കുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച, ചികിത്സയുടെ ഭാഗമായ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആലിസ് വെബ്ബ് എന്ന 34 കാരി മരണമടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് നരഹത്യ സംശയിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.ശസ്ത്രക്രിയ നടത്തിയ വ്യക്തിയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ എന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോസ്റ്റര്‍ഷയറിലെ വോട്ടണ് - അണ്ടര്‍ - എഡ്ജ് എന്ന പട്ടണത്തിലെ ക്രിസ്റ്റല്‍ ക്ലിയറില്‍ ഏസ്തെറ്റിക് പ്രാക്ടീഷണറായിരുന്നു മരണമടഞ്ഞ ആലീസ്.
ഇവരുടെ സുഹൃത്ത് അബിഹെയ്ല്‍ ഇര്വിന് ആരംഭിച്ച ഗോ ഗണ്ട് മീ പേജിലൂടെയാണ് ഈ ദുരന്ത വാര്‍ത്ത പുറത്തുവന്നത്. ആലീസിന്റെ പങ്കാളിയെയും അവരുടെ അഞ്ച് മക്കളെയും സഹായിക്കാനുള്ള ഫണ്ട് രൂപീകരിക്കുക എന്നതാണ് ഈ പേജിന്റെ ഉദ്ദേശ്യം.
സയന്റിഫിക് ടെമ്പര്‍ എന്നത് ഈ കാലഘട്ടത്തിലെ ഒരു അടയാള വാക്യമായി മാറിയിട്ടും, തികച്ചും അശാസ്ത്രീയമായ ചികിത്സാരീതികളെ ആളുകള്‍ ആശ്രയിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സേവ് ഫേസ് എന്ന കാമ്പെയിന് ഗ്രൂപ്പ് കഴിഞ്ഞ ജൂലായ് മാസത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സ്തന വളര്‍ച്ചക്കുള്ള, ശസ്ത്രക്രിയയില്ലാത്ത ചികിത്സയും ബ്രസീലിയന്‍ ബട്ട് ലിഫ്റ്റും ( ബി ബി എല്‍) അമിതമായി വര്‍ദ്ധിച്ചു വരുന്നു എന്നാണ് അന്ന് അവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതില്‍ പകുതിയോളം പേര്, ജീവന് തന്നെ ഭീഷണിയാവുന്ന തരത്തില്‍ അനവധി ആരോഗ്യ പ്രശ്നങ്ങളാല്‍ വലയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടില്ലെങ്കില്‍, മരണങ്ങള് വരെ സംഭവിച്ചേക്കാം എന്ന മുന്നറിയിപ്പും അന്ന് അവര്‍ നല്‍കിയിരുന്നു. താരതമ്യേന ചെലവ് കുറഞ്ഞ ബി ബി എല്‍ ചികിത്സാ രീതി വ്യാപകമായി ഉള്ള തുര്‍ക്കി, മെക്സിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ പോയി ചികിത്സക്ക് വിധേയരായി ചില ബ്രിട്ടീഷ് വനിതകള്‍ ഇതിന് മുന്‍പ് തന്നെ മരണമടഞ്ഞിരുന്നു.
കഴിഞ്ഞ മാസം തുര്‍ക്കിയില്‍ ബി ബി എല്‍ ചികിത്സയെ തുടര്‍ന്ന് മരണമടഞ്ഞ കേഡെല്‍ ബ്രൗണ്‍ എന്ന 38 കാരി അതില്‍ ഒരാളാണ്. എന്നാല്‍, ബ്രിട്ടനില്‍ ഈ ചികിത്സയെ തുടര്‍ന്ന് മരണം സംഭവിക്കുന്നത് ഇതാദ്യമായാണ്.
അനുയോജ്യമായ ഭക്ഷണക്രമവും ഒപ്പം കായിക വ്യായാമവും നിതംബങ്ങള്‍ക്ക് സൗന്ദര്യം വര്‍ദ്ധിക്കാന്‍ സഹായിക്കുമെങ്കിലും അതിന് സമയം ഏറെ എടുക്കും എന്നതിനാലാണ് പലരും കുറുക്കുവഴികള്‍ തേടുന്നത്. ശരീരത്തില്‍ കൊഴുപ്പ് കൂടുതലുള്ള ഭാഗങ്ങളില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്ത് അത് നിതംബത്തിലേക്ക് കുത്തിവയ്ക്കുന്നതാണ് ഈ ചികിത്സാ രീതി.
പേര് സൂചിപ്പിക്കുന്നതില്‍ നിന്നും വിഭിന്നമായി ഈ ചികിത്സാ രീതിക്ക് ബ്രസീലിയന്‍ പാരമ്പര്യവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ല. ഈ രീതി ആവിഷ്കരിച്ചത് ഒരു ബ്രസീലിയന്‍ ഡോക്ടര്‍ ആയതിനാലാണ് ഈ പേര് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.