കൊല്ലം :യുവതിയുടെ മരണത്തിൽ ദുരൂഹത. കുമ്മിൾ വട്ടതാമര സ്വദേശിനി അനന്യ പ്രിയ എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാരുടെ മൊഴി.
എന്നാൽ, തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം, തൂങ്ങിമരണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളായ കയറോ തുണിയോ പൊലീസിന് ലഭിച്ചിട്ടില്ല.കഴിഞ്ഞ ദിവസമാണ് അനന്യ പ്രിയ മരിച്ചത്. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് വട്ടതാമരയിലെ വീട്ടിൽ ഉണ്ടായിരുന്നത്.
വൈകുന്നേരം ആറ് മണിയോടെ വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയ യുവതി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചെത്തിയ അമ്മ ബിന്ദു കതകിൽ മുട്ടിയിട്ടും തുറന്നില്ല.
ഇതോടെ കതക് തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഉൾപ്പെടെ എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാൽ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിക്കാത്ത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.