ഇടുക്കി: രോഗിയും പതിനെട്ടുകാരനുമായ വിദ്യാര്‍ത്ഥിയോട് കട്ടപ്പന എസ്ഐയും പോലീസുകാരും കാണിച്ച ക്രൂരതയുടെ യഥാര്‍ത്ഥ വസ്തുതകള്‍ മനുഷ്യാവകാശ കമ്മീഷനില്‍നിന്നു മറച്ചുവയ്ക്കാന്‍ ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.
അടുത്ത മാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റിംഗില്‍ ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും നേരിട്ട് ഹാജരാകണമെന്നും കമ്മീഷന് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ 25നാണ് കൂട്ടാര്‍ സ്വദേശി ആസിഫ് എന്ന വിദ്യാര്‍ഥിയെ കട്ടപ്പന പോലീസ് മര്‍ദിച്ചതായി പരാതിയുയര്‍ന്നത്. സംഭവത്തില്‍ കട്ടപ്പന എസ്ഐയെയും സിപിഒയെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി മേയ് മൂന്നിന് എറണാകുളം ഡിഐജിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ എസ്ഐക്കും സിപിഒക്കുമെതിരെ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു.
ഇവര്‍ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേ ഉദ്യോഗസ്ഥന് ജൂലൈ രണ്ടിന് കമ്മീഷന് മുമ്പാകെ നല്കിയ റിപ്പോര്‍ട്ടില്‍ ഇത്തരം വിലപ്പെട്ട വിവരങ്ങളെല്ലാം ഒഴിവാക്കി.
പ്രധാനപ്പെട്ട വിവരങ്ങള്‍ കമ്മീഷനില്‍നിന്നു മറച്ചുവച്ചതിന്റെ കാരണം ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും വിശദീകരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
കട്ടപ്പന ഡിവൈഎസ്പി ജൂണ്‍ 18 ന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ മൊഴി എടുക്കാത്ത സാഹചര്യത്തില്‍ ഇരയുടെ മൊഴി അഭിഭാഷന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. അഭിഭാഷകനെ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി നിര്‍ദേശിക്കണം.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് ആസിഫിന്റെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കട്ടപ്പന ഡിവൈഎസ്പി രേഖപ്പെടുത്തണം. മൊഴിയുടെ എല്ലാ പേജിലും ഇരയും അഭിഭാഷകനും ഒപ്പിടണം. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷനുള്ള കാരണവും ഡിപിസി കമ്മീഷനെ അറിയിക്കണം.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്ക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. എസ്ഐ എന്‍.ജെ. സുനേഖ്, എ.ആര്. സിപിഒ, മനു പി. ജോസ് എന്നിവര്‍ക്കെതിരേയാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.