കണ്ണൂർ: മാതാവിൻറെ വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി സ്പീക്കർ എഎൻ ഷംസീർ. ഫേസ്ബുക്കിലൂടെയാണ് തന്റെ ഉമ്മയെക്കുറിച്ചുള്ള കുറിച്ചുള്ള കുറിപ്പ് സ്പീക്കർ പങ്കുവെച്ചത്.
ധീര വനിതയെ തിരഞ്ഞെടുക്കാനുള്ള ജൂറി അംഗമായി എന്നെ നിയോഗിച്ചാൽ ഞാൻ നിശ്ചയമായും മാർക്കിടുക എന്റെ ഉമ്മയ്ക്കാണെന്നാണ് അദ്ദേഹം പറയുന്നത്.നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ‘ആമിനാസി’ൽ എ.എൻ. സറീന (70) സെപ്തംബർ 14നാണ് അന്തരിച്ചത്.
ധീരവനിതയെ തിരഞ്ഞെടുക്കാനുള്ള ജൂറി അംഗമായി എന്നെ നിയോഗിച്ചാൽ ഞാൻ നിശ്ചയമായും മാർക്കിടുക എന്റെ ഉമ്മയ്ക്കാണ്. കാരണം ഞാൻ ജീവിതത്തിൽ നേരിട്ടറിഞ്ഞ, ആവോളം ചേർന്ന് നിന്ന് മനസ്സിലാക്കിയ ധീരവനിത എന്റെ ഉമ്മയാണ്.
ഒരുപക്ഷെ തലശ്ശേരി കലാപത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിലൂടെ രൂപപ്പെട്ട വ്യക്തിത്വം ആയതിനാലാവാം ഏത് പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് എന്റെ ഉമ്മാക്കുണ്ടായത്. തലശ്ശേരി കലാപത്തിന്റെ ദുരിതം പേറിയൊരു കുടുംബാഗമാണ് ഞാൻ.
ഒരുപക്ഷെ അതുകൊണ്ടായിരിക്കാം ഞാനെന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് ആയി മാറിയത്. ആ എന്നെ രൂപപ്പെടുത്തുന്നതിൽ എന്റെ രക്ഷിതാക്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഉമ്മ എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഞാൻ പ്രതിസന്ധി നേരിടുമ്പോഴെല്ലാം പിന്തുണയേകിയത് എന്റെ ഉമ്മയായിരുന്നു.
വിദ്യാർത്ഥി സംഘടന പ്രവർത്തനം ആരംഭിച്ച ക്യാമ്പസ് ജീവിത കാലഘട്ടം മുതൽ ഏറ്റവുമൊടുവിൽ നിയമസഭ സ്പീക്കറായി എത്തിനിൽക്കുന്ന കാലം വരെ നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും എന്നെ ചുറ്റിപറ്റി ഉണ്ടായിരുന്നു.
അതിലെല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ ഉമ്മയാണ്. ക്യാമ്പസിൽ പഠിക്കുന്ന ഘട്ടത്തിലാണ് 1999 ഇൽ RSS കാർ ക്യാമ്പസിന്റെ താഴെ വെച്ച് എന്നെ ഭീകരമായി ആക്രമിക്കുന്നത്.
ഒരാഴ്ച്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, തുടർന്ന് വിശ്രമം, വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ്, ഈ ഘട്ടത്തിലെല്ലാം എനിക്ക് കരുത്തായി നിന്നത് എന്റെ ഉമ്മയായിരുന്നു. വിദ്യാർത്ഥി സംഘടന പ്രവർത്തകനായിരിക്കുന്ന കാലം നിരവധി റെയ്ഡ്കൾ , ജയിൽ വാസം എല്ലാം നേരിടുമ്പോഴും എന്റെ മുന്നിലും പിന്നിലും കരുത്തായി ഉമ്മ ഉണ്ടായിരുന്നു.
അത് മാത്രമല്ല ഞാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ ഘട്ടത്തിൽ എന്റെ വീടിന് മുന്നിൽ എതിരാളികൾ ബാൻഡും മേളവുമായി അഴിഞ്ഞാടിയപ്പോൾ ഉമ്മയുടെ മുഖത്ത് ഒരുതെല്ല് പതർച്ചയോ ഇടർച്ചയോ ഇല്ല എന്നത് ഞാൻ മനസ്സിലാക്കിയിരുന്നു.
2016 ഇൽ ഞാൻ നിയമസഭ സാമാജികനായി. അതിനു ശേഷം എനിക്ക് നേരെ കൊലവിളി പ്രകടനവുമായി RSS കാർ എന്റെ വീടിന് മുന്നിലെത്തി. സ്വന്തം മകനെ കൊല്ലുമെന്ന ആക്രോശവുമായി ദീർഘനേരം വീടിന് മുന്നിൽ നിലയുറപ്പിച്ചപ്പോൾ അത് നിശബ്ദമായി കേട്ടുനിൽക്കേണ്ടി വന്ന അവസ്ഥ ഉമ്മയ്ക്കുണ്ടായി.
ഒരുപക്ഷെ അത്തരമൊരു ഘട്ടത്തിൽ ഒരുമ്മ നേരിടേണ്ടി വരുന്ന മാനസികസംഘർഷം എത്രത്തോളമാണെന്ന് പറഞ്ഞ് അറിയിക്കാനാകില്ല. 2019 ഇൽ വീടിന് നേരെ ബോംബ് ആക്രമണം.
2023 ഇൽ വീട്ടിലേക്ക് മാർച്ചും കൊലവിളിയും. ഇങ്ങനെ ഓരോ പ്രതിസന്ധി നേരിട്ടപ്പോഴും ഉമ്മ എനിക്ക് താങ്ങും തണലുമായി നിന്നു. എന്റെ ശക്തിയായ ആ ഉമ്മ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 14ആം തീയതി എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു.
ഉമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളോടും എല്ലാ ജനപ്രതിനിധികളോടും ജനങ്ങളോടും നാട്ടുകാരോടും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിലുള്ള നന്ദി അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.