ബയ്റുത്ത്: പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ലെബനന്റെ തലസ്ഥാനമായ ബയ്റുത്തിലും പരിസരങ്ങളിലും തുടര്‍ച്ചയായ രണ്ടാംദിനവും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.
ചൊവ്വാഴ്ച വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 300-ഓളം റോക്കറ്റുകളയച്ചു. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലെബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്.ഇസ്രയേലിന്റെ 60 കിലോമീറ്റര്‍ ഉള്ളിലുള്ള സ്ഫോടകവസ്തുശാലയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി ഫാദി റോക്കറ്റുകളയച്ചെന്ന് ഹിസ്ബുള്ള പറഞ്ഞു. അഫുലയിലെ മെഗിദ്ദോ വ്യോമതാവളവും ആക്രമിച്ചെന്ന് അവകാശപ്പെട്ടു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരാല്‍ ലെബനനിലെ പല ആശുപത്രികളും നിറഞ്ഞെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇസ്രയേലിലെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭത്തിലേക്കു മാറ്റി. ഹൈഫയില്‍ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്.
അതിനിടെ, ഇസ്രയേല്‍ ലെബനനില്‍ വളരെ അപകടകരമായ ലഘുലേഖകളിട്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ബെക്ക വാലിയിലിട്ട ലഘുലേഖയിലെ ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ വ്യക്തികളുടെ ഫോണിലെ എല്ലാവിവരങ്ങളും ഇസ്രയേല്‍ പിടിച്ചെടുക്കുമെന്നാണ് ഹിസ്ബുള്ള പറയുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഇസ്രയേല്‍ പട്ടാളം പ്രതികരിച്ചിട്ടില്ല.
ഗാസയില്‍ ഹമാസിനു പിന്തുണപ്രഖ്യാപിച്ച് ഇസ്രയേലിന്റെ അതിര്‍ത്തിയിലേക്ക് ഒരുവര്‍ഷമായി റോക്കറ്റയക്കുകയാണ് ഹിസ്ബുള്ള. ഇസ്രയേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് പേജര്‍-വാക്കിടോക്കി ആക്രമണമുണ്ടായതോടെയാണ് സംഘര്‍ഷം വീണ്ടും കനത്തത്.
അതിനിടെ, ടി.വി. അഭിമുഖം നടത്തുകയായിരുന്ന ലെബനീസ് മാധ്യമപ്രവര്ത്തകന് ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെടുന്നതിന്റെ ദൃശ്യം പുറത്തുവന്നു. മിറായ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്കിന്റെ മുഖ്യ പത്രാധിപര്‍ ഫാദി ബൗദയയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
പുതിയ സാഹചര്യത്തില്‍ നയതന്ത്രപരിഹാരത്തിന് ഐക്യരാഷ്ട്രസഭയും വിവിധ രാജ്യങ്ങളും ആഹ്വാനം ചെയ്തു. പ്രശ്നം പരിഹരിക്കാന്‍ നയതന്ത്രമാര്‍ഗമുണ്ടെന്നും തുറന്നയുദ്ധത്തിന് ആര്‍ക്കും താത്പര്യമില്ലെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.