കലവൂർ: കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം കർണാടകയിലെ ഉഡുപ്പിയിലേക്കു കടക്കുകയും പിന്നീടു നാട്ടിലേക്കു തിരിച്ചുവരികയും ചെയ്ത പ്രതികൾ തുടർന്ന് കൊച്ചിയിൽ തന്നെ ഒളിവിൽ കഴിഞ്ഞെന്ന വാർത്ത പൊലീസിനും അമ്പരപ്പായി.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസിനെ (നിഥിൻ– 35)യും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (52)യെയും അറസ്റ്റ് ചെയ്യുന്നതു ഇവർ വീണ്ടും കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ്.സുഭദ്രയെ കാണാതായെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞ മാസം 7 നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശർമിളയ്ക്കൊപ്പം ഇവർ റെയിൽവേ സ്റ്റേഷനു മുന്നിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത് 15 ന്.
തുടർന്ന് ശർമിളയും ഭർത്താവും താമസിക്കുന്ന കലവൂർ കോർത്തുശേരിയിലെ വീട്ടിൽ പൊലീസ് എത്തി. അപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഇവർ ഉഡുപ്പിയിലേക്കു കടന്നെന്നാണു വിവരം. എന്നാൽ 24 ന് നാട്ടിൽ തിരിച്ചെത്താൻ ധൈര്യം കാട്ടുകയും ചെയ്തു. പൊലീസ് ഉഡുപ്പിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുമ്പോഴായിരുന്നു ഇത്.
ഇവരെ കാട്ടൂരിലെ ബസ് സ്റ്റോപ്പിൽ കണ്ടതായി പൊലീസിനു വിവരം കിട്ടി. അന്വേഷിച്ചെത്തിയപ്പോഴേക്കും വീണ്ടും കടന്നിരുന്നു. ഇത്തവണ പോയതു കൊച്ചിയിലേക്ക്. അവിടെ ശർമിളയുടെ സുഹൃത്തുക്കളുടെ സഹായം ലഭിച്ചിരിക്കാമെന്നാണു കരുതുന്നത്. സെപ്റ്റംബർ 6 ന് മണ്ണഞ്ചേരി പൊലീസ് സുഭദ്രയുടെ തിരോധാനം സംബന്ധിച്ച കേസ് റീ റജിസ്റ്റർ ചെയ്തു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. ചൊവ്വാഴ്ച സുഭദ്രയുടെ മൃതദേഹം കണ്ടെത്തി. പ്രതികളെന്നു സംശയിക്കുന്ന ദമ്പതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. അതോടെയാണു കൊച്ചിയിലെ ഒളിത്താവളത്തിൽ നിന്ന് ഇവർ പുറത്തു ചാടിയത്. ബുധനാഴ്ച ട്രെയിനിൽ യാത്ര തുടങ്ങി. ഇന്നലെ ആ യാത്ര മണിപ്പാലിനു സമീപം പൊലീസ് വലയിൽ അവസാനിച്ചു.
പിടിയിലായ ശർമിള പ്രായം ഉൾപ്പെടെ പല കാര്യങ്ങളിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. ഇവർ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നെന്ന വിവരവും മറച്ചുവച്ചു. ആരും തിരിച്ചറിയാതിരിക്കാൻ കണ്ണട വച്ചായിരുന്നു കൊലപാതകത്തിനു ശേഷമുള്ള യാത്ര.പൊലീസ് മുൻപേ ഉഡുപ്പിയിലെത്തി കോർത്തുശേരിയിലെ വീട്ടുവളപ്പിൽ നിന്നു സുഭദ്രയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നതിനു മുൻപേ പ്രതികളെത്തേടി പൊലീസ് ഉഡുപ്പിയിൽ എത്തിയിരുന്നു.
പ്രതി ശർമിളയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉഡുപ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു യുപിഐ ഇടപാടു വഴി പണം എത്തിയതിന്റെ വിവരം ലഭിച്ചതാണ് ഉഡുപ്പിയിൽ അന്വേഷണത്തിനു പോകാൻ കാരണം. പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും യുപിഐ വഴി 60,000 രൂപ അക്കൗണ്ടിൽ എത്തിയതും ഉഡുപ്പിയിലെ എടിഎമ്മിൽനിന്നു പണമെടുത്തതും പൊലീസിന് ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ സൗകര്യമായി. സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത് 10ന് ആണ്.
അതിനും ദിവസങ്ങൾക്കു മുൻപേ പൊലീസ് സംഘം ഉഡുപ്പിയിലെത്തിയിരുന്നു. പക്ഷേ, പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ പ്രതികൾ നാട്ടിൽ തിരിച്ചെത്തിയെന്നാണു സൂചന.ഇവരുടെ രണ്ടാമത്തെ യാത്രയുടെ ലക്ഷ്യം ഉഡുപ്പിയോ മണിപ്പാലോ എന്നു വ്യക്തമായിട്ടില്ല. രണ്ടിടത്തും ശർമിളയ്ക്കു സുഹൃത്തുക്കൾ ഉണ്ടാകാമെന്നു പൊലീസ് സംശയിക്കുന്നു.
വിശദമായി ചോദ്യം ചെയ്താലേ ഇതു വ്യക്തമാകൂ.കോർത്തുശേരിയിലെ വീട്ടിലെത്തിയ സുഭദ്രയെ പിന്നീട് ആരും കണ്ടിട്ടില്ലെന്ന് ഉറപ്പായതോടെയാണു നാലംഗ പൊലീസ് സംഘം സ്വകാര്യ കാറിൽ ഉഡുപ്പിയിലേക്കു തിരിച്ചത്. കോർത്തുശേരിയിൽ എത്തിയ സുഭദ്ര പുറത്തേക്കു പോകുന്നതു കണ്ടിട്ടില്ലെന്ന നാട്ടുകാരുടെ മൊഴി നിർണായകമായി.
സുഭദ്രയെ കാണാതായ കേസ് ആദ്യം അന്വേഷിച്ച കടവന്ത്ര പൊലീസ് ഫോണിൽ വിളിച്ചതിനു പിന്നാലെ ദമ്പതികളുടെ ഫോൺ സ്വിച്ച് ഓഫ് ആയതും നാടു വിട്ടതും സംശയം ബലപ്പെടുത്തി. ഉഡുപ്പിയിലെത്തിയ പൊലീസ് സംഘത്തിനു പ്രതികളെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെ കൊച്ചിയിൽ ശർമിള മുൻപു താമസിച്ചിരുന്ന സ്ഥലത്തെ ചില പരിചയക്കാരുമായി ബന്ധപ്പെട്ടു കർണാടകയിലെ ഇവരുടെ സുഹൃത്തുക്കളുടെ വിവരം തേടിയിരുന്നു.
അപ്പോഴാണു ദമ്പതികൾ മണിപ്പാലിലേക്കു ട്രെയിനിൽ പോയെന്നു വിവരം ലഭിച്ചത്. ഈ വിവരം ഉഡുപ്പിയിലുണ്ടായിരുന്ന പൊലീസ് സംഘത്തെ അറിയിച്ചു. അവർ റെയിൽവേ സ്റ്റേഷനിലെത്തി പിടികൂടുകയും ചെയ്തു.
വിശദമായ ചോദ്യം ചെയ്യൽ ഇന്നുമുതൽ പ്രതികളെ കിട്ടിയെങ്കിലും വിശദമായ ചോദ്യം ചെയ്യൽ ഇന്നേ തുടങ്ങൂ. മാത്യൂസിനെയും ശർമിളയെയും ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലുള്ള മാത്യൂസിന്റെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തും.
സുഭദ്രയുടെ സ്വർണാഭരണങ്ങൾക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു ചോദ്യം ചെയ്യലിലേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.