വടക്കഞ്ചേരി :മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ശങ്കരംകണ്ണന്‍തോട്ടില്‍ പാതയോരത്തെ വീട് പൊളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു.ചെമ്മണാംകുന്ന് മാധവിയുടെ (60) ഒറ്റ മുറി വീട് പൊളിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കമാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഇടപെട്ട് തടഞ്ഞത്.
ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണ് വീടിരിക്കുന്നതെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. എന്നാൽ മാധവിയുടെ കൈവശം ഉണ്ടായിരുന്നത് 10 സെന്റ് സ്ഥലമാണ്. ഇതിൽ 5.8 സെന്റ് സ്ഥലമാണ് ദേശീയപാത സ്ഥലം ഏറ്റെടുക്കലിനു വേണ്ടി 2009 ൽ വിട്ടുകൊടുത്തത്.ഇതിന്റെ കൃത്യമായ രേഖ മാധവിയുടെ കൈവശമുള്ള ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ബാക്കിയുള്ള 4.2 സെന്റ് സ്ഥലത്തിനു 2013 ൽ മാധവി കരം അടച്ചതായും രേഖയുണ്ട്. നിലവിലുള്ള ഒറ്റമുറി വീടിന് മുൻവശത്ത് ആയിരുന്നു ദേശീയപാതയുടെ അതിർത്തി നിർണയിക്കുന്ന കുറ്റി ഉണ്ടായിരുന്നതെന്ന് മാധവി പറഞ്ഞു. ഇതിനിടെ ചിലര്‍ മാധവി ഇരിക്കുന്ന പുരയിടം പുറമ്പോക്കാണെന്നും ദേശീയപാതയുടെ സ്ഥലമാണെന്നും കാണിച്ച് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ഈ സ്ഥലം ദേശീയ പാതയുടേതാണെന്നും മാധവിയുടെ പേരിൽ സ്ഥലം ഇല്ലെന്നുമാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മൂന്നു മാസം മുൻപ് ഇവരുടെ വീട് പൊളിച്ചു നീക്കാനുള്ള ശ്രമം നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ഇടപെടലിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഇന്നലെ വീണ്ടും ജെസിബിയുമായി വന്ന് ഇവരുടെ മുൻവശത്ത് വലിയ ചാലെടുത്ത ശേഷം പൊളിച്ച് നീക്കാനുള്ള ശ്രമമാണ് കണ്ണമ്പ്ര പഞ്ചായത്ത് അധ്യക്ഷ എം.സുമതി, ഉപാധ്യക്ഷന്‍ കെ.ആര്‍.മുരളി. പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ഇടപെട്ട് തടഞ്ഞത്.
ഭൂരേഖ തഹസിൽദാരുമായി പഞ്ചായത്ത് അധികൃതര്‍ സംസാരിച്ചപ്പോൾ റീസർവേയിൽ പിഴവുകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും, അതിനായി അപേക്ഷ നൽകാനും അറിയിച്ചിട്ടുണ്ട്.
അടുത്ത ദിവസം തന്നെ ഭൂരേഖ തഹസില്‍ദാര്‍ക്ക് പരാതി നൽകാനും തീരുമാനിച്ചു. ഇവരുടെ സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരം ലഭിക്കുന്നത് വരെ മറ്റു നടപടികൾ നിർത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ദേശീയപാത അധികൃതര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.