നോർത്തേൺ അയർലണ്ട് :അതിര്‍ത്തി വഴിയുള്ള മനുഷ്യക്കടത്തും കോമണ്‍ ട്രാവല്‍ ഏരിയ (സി ടി എ)യുടെ ദുരുപയോഗവും തടയുന്നതുമായി ബന്ധപ്പെട്ട പോലീസ് ഓപ്പറേഷന്റെ ഭാഗമായി ഏഴ് അല്‍ബേനിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 14 പേരെ ബെല്‍ഫാസ്റ്റില്‍ അറസ്റ്റുചെയ്തു.
തുറമുഖങ്ങളിലും വിമാനത്താവളങ്ങള്‍ റോഡ് ശൃംഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍.ഇവരെ ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ട്, ബെല്‍ഫാസ്റ്റ് ഡോക്സ്, ബെല്‍ഫാസ്റ്റ് സിറ്റി സെന്റര്‍, എ1 ഡ്യുവല്‍ കാരിയേജ്വേയുടെ പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്.ഈ ഓപ്പറേഷന്റെ ഭാഗമായി യുകെയില്‍ 31 പേരും അറസ്റ്റിലായി.അനധികൃതമായി സൂക്ഷിച്ച 400,000 പൗണ്ടും 10 വ്യാജ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.സി ടി എയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള യുകെയുടെയും ഐറിഷ് അധികൃതരുടെയും സംയുക്ത എക്‌സര്‍സൈസാണ് ഓപ്പറേഷന്‍ ഗള്‍. യു കെ, ഐറിഷ് പൗരന്മാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനും നിയന്ത്രണങ്ങളില്ലാതെ എവിടെയും താമസിക്കാനും അനുവദിക്കുന്നതാണ് സി ടി എ. കോമൺ ട്രാവൽ ഏറിയ വഴിയാണ് ആയിരക്കണക്കിന് അഭയാർത്ഥികൾ അയർലണ്ടിലേക്ക് പ്രവേശിക്കുന്നത്.
പണം നൽകി അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ നിരവധി ഏജൻസികൾ സഹായിക്കുന്നുണ്ട് എന്നും ആരോപണം ഉണ്ടായിരുന്നു.
ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളും യു കെ പോലീസ് ഫോഴ്‌സും അന്താരാഷ്ട്ര പങ്കാളികളും ചേര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 18 വരെയാണ് ഓപ്പറേഷന്‍ ഗള്‍ നടത്തിയത്. ബെല്‍ഫാസ്റ്റ്, ലിവര്‍പൂള്‍, സ്‌കോട്ട്‌ലന്‍ഡ് എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് ഇതിന്റെ ഭാഗമായി റെയ്ഡുകള്‍ നടത്തിയത്.
പി എസ് എന്‍ ഐയുടെ ഓര്‍ഗനൈസ്ഡ് ക്രൈംബ്രാഞ്ചിലെയും റോഡ് പൊലീസിംഗ് ടീമിലെയും ഉദ്യോഗസ്ഥരും ഓപ്പറേഷനില്‍ പങ്കാളിയായി. കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍.നിയമവിരുദ്ധമായി യു കെയിലേക്ക് പ്രവേശിക്കാന്‍ ആയിരക്കണക്കിന് പൗണ്ടാണ് ഇവരില്‍ നിന്നും കള്ളക്കടത്ത് സംഘങ്ങള്‍ ഈടാക്കിയിരുന്നത്.
”കോമൺ ട്രാവൽ ഏരിയയിൽ (സിടിഎ) യാത്ര ചെയ്യുന്ന വ്യക്തികളുടെ കാര്യത്തിൽ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധാരണ അധികാരങ്ങളില്ലാത്തത് ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യാൻ കാരണമാവുന്നു. യൂ കെ -ഐറിഷ് പൗരന്മാർക്കൊപ്പം കുടുംബാംഗങ്ങളായി ചമഞ്ഞെത്തുന്നവരാണ് തട്ടിപ്പുകാരിൽ അധികവും.
അതിർത്തി കടത്തിവിടുന്നതോടെ ഇവരുടെ ‘താത്കാലിക കുടുംബ ബന്ധവും ‘ അവസാനിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി !. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ ക്രിമിനല്‍, ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ടീം, പി എസ് എന്‍ ഐ, നാഷണല്‍ ക്രൈം ഏജന്‍സി (എന്‍ സി എ), പോലീസ് സേനകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. മനുഷ്യക്കടത്ത് സംഘങ്ങളുടെ ചൂഷണങ്ങള്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് യു കെയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി മന്ത്രി ഏഞ്ചല ഈഗിള്‍ പറഞ്ഞു.കോമണ്‍ ട്രാവല്‍ ഏരിയയോ യു കെയുടെ അതിര്‍ത്തികളോ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജോനാഥന്‍ ഇവാന്‍സ് പറഞ്ഞു.
അനധികൃത കുടിയേറ്റത്തില്‍ സി ടി എയുടെ റോള്‍ 2023ലെ വെസ്റ്റ്മിന്‍സ്റ്റര്‍ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞിരുന്നു.നിയന്ത്രണങ്ങളില്ലാത്തതിനാല്‍ അനധികൃത കുടിയേറ്റക്കാര്‍ സി ടി എ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.