തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31/07/2024 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകൾ പരിസ്ഥിതി ലോല ( ഇ. എസ്. എ )പ്രദേശങ്ങളായി വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്.
ജനവാസ മേഖലയും കൃഷി പ്രദേശവും അടങ്ങിയ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ആക്ഷേപം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തീക്കോയി വില്ലേജിന്റെ 90 ശതമാനവും സ്ഥലവും കൃഷിയും ജനവാസ മേഖലയും 1977 ന് മുമ്പ് പട്ടയം ലഭിച്ച് തീറാധാരം സിദ്ധിച്ച ഭൂമിയുമാണ്.ബാക്കി സർക്കാർ തരിശ്ഭൂമിയുമാണ്. തീക്കോയി വില്ലേജിൽ വനപ്രദേശങ്ങൾ ഇല്ല. 2014 സംസ്ഥാന ഗവൺമെന്റ് ഡോ.ഉമ്മൻ വി ഉമ്മൻ അധ്യക്ഷനായി സംസ്ഥാനതലത്തിൽ മൂന്നംഗ സമിതിയെയും, വില്ലേജ് അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി , വില്ലേജ് ഓഫീസർ , ഫോറസ്റ്റ് റേഞ്ച് ഓഫീസർ ,കൃഷി ഓഫീസർ എന്നിവരടങ്ങിയ സമിതിയെയും ടി വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.
പ്രസ്തുത സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ എന്നീ വില്ലേജുകളെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതിലോല മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന ഗവൺമെന്റ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനത്തിൽ തീക്കോയി ഉൾപ്പെടെ ടി നാല് വില്ലേജുകളെ വീണ്ടും പരിസ്ഥിതി ലോല പ്രദേശങ്ങളായി ഉൾപ്പെടുത്തിയിരിക്കുകയാണ്. പ്രസ്തുത നടപടിക്കെതിരായി തീക്കോയി ഗ്രാമപഞ്ചായത്ത് (വില്ലേജ് )തലത്തിൽ ആക്ഷേപം തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഒരു വിശേഷാൽ ഗ്രാമസഭയോഗം 07/09/2024 ശനിയാഴ്ച 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്നതാണെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.