കൊളംബോ: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ‘സാൻഡ്‌വിച്’ ആകാനില്ലെന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ.
വിദേശകാര്യനയത്തിൽ ശക്തമായ നിലപാടെടുക്കുമെന്നാണ് ചുമതലയേറ്റെടുത്ത ദിസനായകെ വ്യക്തമാക്കുന്നത്.
സൂറിച്ചിൽനിന്നു പ്രസിദ്ധീകരിക്കുന്ന മൊണോക്കിൾ മാസികയുമായുള്ള അഭിമുഖത്തിലാണ് ദിസനായകെ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ കാലഘട്ടത്തിൽ ആഗോള ശത്രുതയിൽ വലിച്ചിഴയ്ക്കപ്പെടുന്നതിൽനിന്നു ശ്രീലങ്ക മാറിനിൽക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം ഏതെങ്കിലും ശക്തമായ രാജ്യത്തിനൊപ്പം നിൽക്കുന്നതിനുപകരം ഇന്ത്യയും ചൈനയുമായും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിന്റെ അടുപ്പം സംതുലിതമായിരിക്കുമെന്നും വ്യക്തമാക്കി.
‘‘ഒരു ഭൂരാഷ്ട്ര കലഹത്തിലും ഞങ്ങൾ ഇടപെടില്ല. ഒരു രാജ്യത്തോടും സഖ്യമാകില്ല. ‘സാൻഡ്‌വിച്’ ആകാൻ താൽപര്യമില്ല, പ്രത്യേകിച്ചും ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ.
ഇരു രാജ്യങ്ങളും മൂല്യമേറിയ സുഹൃത്തുക്കളാണ്. എപിപി സർക്കാർ പ്രതീക്ഷിക്കുന്നത് ഇരു രാജ്യങ്ങളുമായി അടുത്ത ബന്ധമാണ്.
യൂറോപ്യൻ യൂണിയൻ, മധ്യപൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയവയുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു’’ – വിദേശകാര്യനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദിസനായകെ നൽകിയ മറുപടി ഇങ്ങനെ.
പ്രാദേശിക സംഘർഷസാധ്യത നിലനിൽക്കുന്നതിനിടയിൽ പക്ഷപാത നിലപാടുമായി നിൽക്കുകയാണ് ശ്രീലങ്കയുടെ പരമാധികാരം നിലനിർത്താൻ മികച്ചതെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
ആഗോള സൂപ്പർപവർ രാജ്യങ്ങളുടെ അധികാരവടംവലിക്കിടയിൽ ശ്രീലങ്ക കക്ഷിയാകില്ലെന്നുകൂടിയാണ് പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇപ്പോൾ വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.