ചണ്ഡിഗഡ്: പാർട്ടിയിലെ ചേരിപ്പോര് രൂക്ഷമായതോടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നത് വൈകുന്നു.
നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഡൽഹിയിൽ ചേർന്നിരുന്നെങ്കിലും സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ സാധിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള പരാതികളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വീണ്ടും ചേരും.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഉടൻ യുഎസിലേക്കു പോകുകയാണ്.
ഇതിനു മുൻപ് ഹരിയാനയിലെ സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കണം. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനെയും ബജ്‌രങ് പുനിയയെയും കഴിഞ്ഞ ദിവസം കണ്ട രാഹുൽ ഇരുവരെയും കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരെയും സ്ഥാനാർഥികളാക്കാനും നീക്കമുണ്ട്.
സംസ്ഥാന നേതൃത്വത്തിൽ ഉടലെടുത്ത ചേരിപ്പോരാണ് സ്ഥാനാർഥി പട്ടിക വൈകാൻ ഇടയാക്കുന്നതെന്നാണ് വിലയിരുത്തൽ. ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി എന്നിവരെ മുന്നണിയിലെടുക്കുകയാണെങ്കിൽ നൽകേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ചാണ് ആശയക്കുഴപ്പം.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഢ നേതൃത്വം നൽകുന്ന പക്ഷം എഎപിക്ക് 7 സീറ്റുവരെ നൽകിയാൽ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ എഎപി ഇതിന് വഴങ്ങിയേക്കില്ല. എഎപിയെ മുന്നണിയിൽ എത്തിക്കണമെന്നാണ് രാഹുലിന്റെ നിർദേശം.
സമാജ് വാദി പാർട്ടിക്ക് 2 സീറ്റെങ്കിലും ഹരിയാനയിൽ നൽകണമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. ആകെയുള്ള 90 സീറ്റുകളിൽ 66 ഇടത്തേക്ക് സ്ഥാനാർഥികളെ കോൺഗ്രസ് നിശ്ചയിച്ചതായും ബാക്കിയുള്ള സീറ്റുകളിലാണ് തർക്കം നിലനിൽക്കുന്നതെന്നുമാണ് സൂചന.
ഒക്ടോബർ 5ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഒക്ടോബർ 8ന് വോട്ടെണ്ണും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അനുകൂല അന്തരീക്ഷം ഹരിയാനയിൽ ഉപയോഗപ്പെടുത്തണമെന്ന് തന്നെയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.