തിരുവനന്തപുരം: തൃശൂരില്‍ സിപിഎം-ആര്‍എസ്എസ് ബാന്ധവമാണ് കെ.മുരളീധരന്റെ പരാജയത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നെന്ന് കെപിസിസി അന്വേഷണസമിതി.
സമിതി അംഗമായ മുന്‍മന്ത്രി കെ.സി.ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്.
കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎല്‍എ, ഐഎന്‍ടിയുസി പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് എന്നിവരടങ്ങുന്ന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കെപിസിസിയുടെ പരിഗണനയിലാണ്.
പൂരപ്പറമ്പില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ സുരേഷ് ഗോപി നടത്തിയ നാടകീയ രംഗപ്രവേശം ഒരു രക്ഷകന്റെ പരിവേഷം അദ്ദേഹത്തിനു നല്‍കിയെന്നും എല്ലാം മുന്‍കൂട്ടി തയാറാക്കിയ അജന്‍ഡയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഐ സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിനെ ബലികൊടുത്ത് ബിജെപിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചത് സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടതുപക്ഷ കേന്ദ്രങ്ങളില്‍ പോലും സുരേഷ് ഗോപി ഒന്നാമത് വന്നതും വലിയ സ്വീകാര്യത നേടിയതും സിപിഎം-ആര്‍എസ്എസ് ധാരണയുടെ തെളിവാണ്.
കോണ്‍ഗ്രസിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും ബിജെപിയെ കണ്ടില്ലെന്നു നടിക്കാനും സിപിഎം നേതൃത്വം തയാറായത് അവരുടെ തന്നെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകാന്‍ കാരണമായി.
തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഉണ്ടായ സിപിഎം-ബിജെപി രഹസ്യ അന്തർധാര പ്രകടമായിരുന്നു.
പ്രചരണത്തില്‍ ഉടനീളം ബിജെപിയെയും സുരേഷ് ഗോപിയേയും ഒഴിവാക്കി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് സിപിഎം മുന്‍ഗണന നല്‍കിയത്.
സിപിഐയെ ബലിയാടാക്കി ബിജെപിയോടു മൃദുസമീപനം സ്വീകരിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെപിസിസി അന്വേഷണ സമിതി വ്യക്തമാക്കുന്നു.
ഇതുമൂലം ഇടതു കേന്ദ്രങ്ങളില്‍ വോട്ട് മറിച്ചു ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സിപിഎം വഴിയൊരുക്കി.
തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ രൂപപ്പെട്ട സിപിഎം-ബിജെപി അന്തര്‍ധാര മനസിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കരുവന്നൂര്‍ കേസിലെ പ്രതികളെ സഹായിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ഇടപെടലും മുഖ്യമന്ത്രി അടക്കം കുറ്റാരോപിതരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളെ സഹായിക്കാന്‍ ഇ.ഡി തയാറായതും ഈ ബാന്ധവത്തിന്റെ തെളിവാണ്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം ലഭിച്ച താന്ന്യം, ചാഴൂര്‍, അന്തിക്കാട്, തളിക്കുളം, വലപ്പാട്, ആവിണിശേരി, മുല്ലശേരി, എളവള്ളി, പാറളം, വല്ലച്ചിറ, നാട്ടിക, നെന്മണിക്കര, പടിയൂര്‍ പഞ്ചായത്തുകളില്‍ സുരേഷ് ഗോപി ഒന്നാമതു വന്നു.
ഇടതു സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍, മന്ത്രി കെ.രാജന്, എംഎല്‍എമാരായ സി.സി.മുകുന്ദന്, പി.ബാലചന്ദ്രന്, മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന് എന്നിവരുടെ നാടായ അന്തിക്കാട് പഞ്ചായത്തില്‍ പോലും ബിജെപി ലീഡ് നേടി എന്നത് അവിശ്വസനീയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ ജാതിവ്യത്യാസമില്ലാതെ പൂരപ്രേമികളെ വേദനിപ്പിച്ചുവെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മൂലം പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ വേദനയും അമര്‍ഷവും കടച്ചമര്‍ത്തി പൂരം ഭാരവാഹികള്‍ നിര്‍ബന്ധിതരായി.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ വി.എസ്.സുനില്‍കുമാറും കെ.മുരളീധരനും അവിടെ ഉണ്ടായിരുന്നില്ല.
അപ്പോള്‍ സുരേഷ് ഗോപിയുടെ നാടകീയമായ രംഗപ്രവേശം രക്ഷകന്റെ പരിവേഷം അദ്ദേഹത്തിനു നല്കി.
ഇതെല്ലാം മുന്‍കൂട്ടി തയാറാക്കിയ അജന്‍ഡയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.