കുഞ്ഞാമിയുടെ കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരൻ; പ്രതി സ്വകാര്യബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയത് വഴിത്തിരിവായി

വെള്ളമുണ്ട(വയനാട്): എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടിരുന്ന കുഞ്ഞാമിയുടെ മരണം കൊലപാതകമാണെന്ന് നാടറിഞ്ഞതോടെ തേറ്റമലയും നടുക്കത്തിലാണ്.

കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതും വിശ്വസിക്കാനായില്ല. 

തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മരണമാണ് നാലുപവന്‍ സ്വര്‍ണാഭരണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.

കൊലപാതകം ആസൂത്രിതമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അയല്‍വാസിയായ ചോലയില്‍ വീട്ടില്‍ ഹക്കീം ദിവസങ്ങള്‍ക്കുമുന്‍പേ സ്വര്‍ണം കൈക്കലാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതുവരെ കാര്യമായി ഇടപെടാത്ത ഹക്കീം, ഉമ്മയുടെ വിവരങ്ങള്‍ തിരക്കിയതായി കുഞ്ഞാമിയുടെ മക്കളും പറഞ്ഞു. കൊലപാതകം നടത്തിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് പ്രതി കുഞ്ഞാമിയുടെ വീട്ടിലെത്തിയത്.

കുഞ്ഞാമിയെ കാണാനില്ലെന്ന് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആദ്യം വോയ്സ് സന്ദേശമിടുന്നതും ഹക്കീംതന്നെയാണ്. നാട്ടുകാരും ബന്ധുക്കളും ഇറങ്ങിയ തിരച്ചിലിനും ഹക്കീം മുന്നിലുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ നാട്ടുകാരില്‍ യാതൊരു സംശയത്തിനും ഇട നല്‍കിയില്ല. 

ഒടുവില്‍ മൃതദേഹം അരക്കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ കണ്ടെത്തിയപ്പോഴും പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കുമ്പോഴുമെല്ലാം പ്രതി മുഴുവന്‍സമയം ഇവിടെയുണ്ടായിരുന്നു.

കുടുംബത്തിന്റെ നീക്കമെല്ലാം നേരിട്ടുനിരീക്ഷിക്കാന്‍ മരണവീട്ടില്‍ നിരന്തരമെത്തുകയും ചെയ്തു. വാര്‍ധക്യസഹജമായ അസുഖമുള്ള കുഞ്ഞാമിക്ക് അത്രദൂരം ഒറ്റയ്ക്ക് നടക്കാന്‍പോലും കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. 

അതിനാല്‍, മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. പ്രാഥമിക വിവരശേഖരണത്തില്‍ത്തന്നെ കൊലപാതകത്തിന്റെ സാധ്യത പോലീസും നിരീക്ഷിച്ചു.

അടുത്തവീടുകളിലെ സി.സി.ടി.വി. ക്യാമറാദൃശ്യമടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനിരിക്കെയാണ് വിലപ്പെട്ട വിവരങ്ങള്‍ പോലീസിന് കിട്ടുന്നത്. 

ഹക്കിം വെള്ളമുണ്ടയിലെ സ്വകാര്യബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ എല്ലാ കണ്ണുകളും പ്രതിയിലേക്ക് തിരിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഹക്കീമിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തും.

പ്രതിയെ സ്വകാര്യബാങ്കിലെത്തിച്ച് സ്വര്‍ണം വീണ്ടെടുത്തതോടെ നാലുപവന്‍ സ്വര്‍ണത്തിനായി അയല്‍വാസി നടത്തിയ കൊടുംക്രൂരത നാടെല്ലാം അറിഞ്ഞു. 

ബാങ്കിലെത്തിച്ച പ്രതിക്കുനേരേ വെള്ളമുണ്ടയില്‍ വന്‍ ജനരോഷമുണ്ടായി. വളരെ പാടുപെട്ടാണ് പ്രതിയെയുംകൊണ്ട് പോലീസ് പോയത്.ഞായറാഴ്ച പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞതോടെ തേറ്റമലയിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു. 

ജനരോഷം കണക്കിലെടുത്ത് പോലീസ് പ്രതിയെയുംകൊണ്ട് എത്തിയില്ല. മന്ത്രി ഒ.ആര്‍. കേളു അടക്കമുള്ളവര്‍ ഞായറാഴ്ച കുഞ്ഞാമിയുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഹക്കീം കുഞ്ഞാമിയെ കൊലപ്പെടുത്തിയത്. മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ശേഷം, പുറത്തിറങ്ങിയ ഇയാള്‍ തേറ്റമല ടൗണില്‍പോയി തിരിച്ചുവന്ന് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം വണ്ടിയുടെ ഡിക്കിയില്‍ മൃതദേഹം കയറ്റി 600 മീറ്റര്‍ ദൂരത്തിലുള്ള കിണറ്റില്‍ ഇടുകയായിരുന്നു. 

അടുത്തദിവസംതന്നെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഹക്കീം ഗള്‍ഫില്‍നിന്നു വന്നശേഷം കുറച്ചുകാലം വെള്ളമുണ്ടയില്‍ തുണിക്കടനടത്തിയിരുന്നു. നിലവില്‍ ഭക്ഷണവിതരണ വണ്ടിയില്‍ ജോലിചെയ്തുവരുകയാണ്. 

ഇളയമകള്‍ സാജിതയോടൊപ്പം താമസിച്ചിരുന്ന കുഞ്ഞാമിയെ ബുധനാഴ്ച വൈകുന്നേരമാണ് വീട്ടില്‍നിന്ന് കാണാതാവുന്നത്. സാജിതയ്ക്ക് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയപ്പോള്‍ കുഞ്ഞാമി വീട്ടില്‍ തനിച്ചായിരുന്നു. 

വൈകീട്ട് പേരക്കുട്ടി സ്‌കൂള്‍വിട്ടു വന്നപ്പോഴാണ് കുഞ്ഞാമിയെ കാണാതായ വിവരം സാജിതയെയും മറ്റുള്ളവരെയും അറിയിക്കുന്നത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പ്രദേശത്ത് മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

വ്യാഴാഴ്ച രാവിലെയോടെയാണ് മുക്കാല്‍ കിലോമീറ്റര്‍ ദുരത്തുള്ള കാടുമൂടിയതും ഉപയോഗശൂന്യമായതുമായ പഞ്ചായത്ത് വക കിണറില്‍നിന്ന് ഇവരുടെ മൃതദേഹം ലഭിച്ചത്.

ഇവരുടെ കഴുത്തിലും കാതിലുമായുണ്ടായിരുന്ന നാലുപവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സ്ഥിരമായി ധരിക്കാറുള്ള തട്ടവും ലഭിച്ചിരുന്നില്ല. 

ഇത്രയും ദൂരം ഇവര്‍ക്ക് നടന്നുവരാനാവില്ലെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞാമിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !