തിരുവനന്തപുരം: പൂരം കലക്കുന്നതിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് തന്നെയാണ് പൂരം കലക്കിയതിനെ കുറിച്ച് ആദ്യം അന്വേഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ആ അന്വേഷണം പ്രഹസനമായിരുന്നു. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതല്‍ക്കെ യുഡിഎഫ് ആവശ്യപ്പെടുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്ന് കണ്ടെത്തണം.
ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എഡിജിപി പൂരം കലക്കിയത്.
പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ കമ്മിഷണര്‍ തയാറാക്കിയ പ്ലാന്‍ മാറ്റി, കലക്കാനുള്ള പുതിയ പ്ലാന്‍ എഡിജിപി നല്‍കിയാണ് പൂരം കലക്കിയത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ?
ഇപ്പോള്‍ എത്ര അന്വേഷണങ്ങളാണ് എഡിജിപിക്കെതിരെ നടക്കുന്നത്? ഭരണകക്ഷി എംഎല്‍എ നല്കിയ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്ന ആളെയാണ് എഡിജിപി സ്ഥാനത്ത് തുടരാന്‍ അനിവദിച്ചിരിക്കുന്നത്.
എഡിജിപിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? കാരണം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെയാണ് എഡിജിപി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നാല് പ്രധാനപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്പോഴും എഡിജിപി അതേ സ്ഥാനത്ത് ഇരിക്കുകയാണ്.
എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കാനും ആര്‍എസ്എസ് നേതാവിനെ കാണാനും എ ഡി ജി പി പോയത് മുഖ്യമന്ത്രിയുടെ അറിവോടും ആവശ്യത്തോടും കൂടിയാണെന്നു വ്യക്തമായിരിക്കുകയാണ്. പോലീസ് ഹൈറാര്‍ക്കിക്ക് വിരുദ്ധമായി കാര്യങ്ങളാണ് നടക്കുന്നത്. ഡി ജി പി പറഞ്ഞാല്‍ എ ഡി ജി പിയോ എ ഡി ജി പിമാര്‍ പറഞ്ഞാല്‍ എസ്പിമാരോ കേള്‍ക്കില്ല.
ഇതൊക്കെ പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത്. അവര്‍ ഹൈറാര്‍ക്കി തകര്‍ത്തതാണ് കേരളത്തിലെ പോലീസിനെ തകര്‍ത്തത്. അതിന്റെ പരിണിത ഫലമായാണ് പോലീസ് പരിതാപകരമായ അവസ്ഥയിലായത്. പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്നമാണ്.
അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അന്‍വര്‍ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യർഥിച്ചത്. അതിനു ശേഷവും അന്‍വര്‍ പത്രസമ്മേളനം നടത്തി. അത് എല്‍ ഡി എഫിന്റെ ആഭ്യന്തര കാര്യമാണ്.
എഡിജിപിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ആരുടെ കൂടെയാണെന്നു വ്യക്തമായല്ലോയെന്നും വി ഡി സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.