തിരുവനന്തപുരം: പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും തുടങ്ങി മോഹൻലാലിന്റെ വരെ അമ്മയായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട കവിയൂർ പൊന്നമ്മ എന്നെന്നും മനസ്സിൽ സൂക്ഷിച്ച ഒരു കഥാപാത്രമുണ്ടായിരുന്നു. എം.കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലെ വേഷം.
ഒതേനന്റെ മകൻ അമ്പുവിനെ (പ്രേംനസീർ) ചതിയിൽ കൊല്ലാൻ ചന്തു (കെ.പി.ഉമ്മർ) തീരുമാനിച്ച് എത്തുമ്പോൾ ഒതേനന്റെ ഭാര്യയുടെ (രാഗിണി) തോഴിയായി അഭിനയിച്ച കവിയൂർ പൊന്നമ്മ സ്വന്തം മകനായ കണ്ണനെ, അമ്പുവിന്റെ കിടക്കയിൽ കിടത്തി മരണത്തിന് ഏൽപിച്ചു കൊടുക്കുന്നു !
വളരെയേറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു, ത്യാഗം അനുഷ്ഠിച്ച ആ അമ്മവേഷം. ആ കഥാപാത്രം തന്നെ പലകുറി കരയിച്ചിട്ടുണ്ടെന്ന് കവിയൂർ പൊന്നമ്മ പിൽക്കാലത്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സിനിമ ഇറങ്ങി ഒട്ടേറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം ദൂരദർശൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ കവിയൂർ പൊന്നമ്മ തന്റെ ‘കണ്ണനെ’ കണ്ടുമുട്ടി ! ദൂരദർശനിൽ അന്ന് പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന എഴുത്തുകാരനും അഭിനേതാവുമായ ജോൺ സാമുവൽ !
അദ്ദേഹമായിരുന്നു ചിത്രത്തിൽ കണ്ണൻ ആയി അഭിനയിച്ചത്. ജോൺ സാമുവലിനെ തിരിച്ചറിഞ്ഞ കവിയൂർ പൊന്നമ്മ മോനേ കണ്ണാ..’ എന്നു വിളിച്ച് ആശ്ലേഷിച്ചു‘. അന്നത്തെ ചിത്രീകരണ വിശേഷങ്ങളും പൊന്നമ്മ ജോണുമായി പങ്കുവച്ചു.
‘ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും..’ എന്ന യേശുദാസിന്റെ ഏറെ പ്രസിദ്ധമായ ഗാനവും ഈ സിനിമയിലാണുള്ളത്. കണ്ണൻ കൊല്ലപ്പെടുന്നതിന് തലേന്ന് എന്ന മട്ടിലാണ് ഈ ഗാനം സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ശാസ്താംകോട്ട ഡിബി കോളജിൽ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന ജോൺ സാമുവലിന് അന്നു 19 വയസ്സായിരുന്നു പ്രായം. ഇന്റർകൊളീജിയറ്റ് നാടകമത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വാർത്തയും ചിത്രവും പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട തിരക്കഥാകൃത്ത് ടി.കെ.ശാരംഗപാണി, പ്രഫ.ജി.ശങ്കരപ്പിള്ളയുമായി ബന്ധപ്പെട്ടാണ് ജോൺ സാമുവലിനെ കണ്ണന്റെ വേഷത്തിലേക്ക് തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.