തൃശ്ശൂര്‍: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്.
കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദുരന്തം നടന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന് കേരളം ഒരു മെമ്മോറാന്‍ഡം നല്‍കിയിരുന്നു. അതിൽ കാണിച്ചിരുന്ന കണക്കാണ് ഇത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഇത് തയ്യാറാക്കിയത്.
പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്‍കിയ കണക്കാണിത്.
വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. ഓഗസ്റ്റ് 17നാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാൻ നല്‍കുന്ന വകയിൽ ചെലവായത് ആകെ 11 കോടി. കൊല്ലം അപകട വാർത്തയറിഞ്ഞ് കേരളം നടുങ്ങിയിരിക്കവെയാണ് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്ക് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വിവരം പുറത്തുവരുന്നത്. ചെലവുകളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് വിമർശനമുയർന്നതോടെ പ്രചരിക്കുന്നത് അവാസ്തവമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പ് ഇറക്കി.
ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾത്തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നെന്നും മന്ത്രി പറയുന്നു.
ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പ്രതികരിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയിരുന്നത്. ഈ കണക്കുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന ഇതെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവാക്കിയതായും ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപ ചെലവിട്ടതായുമാണ് കണക്കിലുള്ളത്.
സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവാക്കിയിട്ടുണ്ട്.
ദുരന്തപ്രദേശമായ ചൂരല്‍മലയില്‍നിന്നും മുണ്ടക്കൈയില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ 12 കോടിരൂപ ചെലവാക്കി. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ ചെലവായെന്നും കണക്കുകള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.