ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാത തുറന്നപ്പോള്‍ മുതല്‍ കര്‍ണാടക പോലീസിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു അമിതവേഗത്തില്‍ പറക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുകയെന്നത്.
അപകടങ്ങള്‍ നിത്യസംഭവമായതും മരണങ്ങള് കൂടുന്നതും പതിവായതോടെ ഈ ഹൈവേയില്‍ കടുത്ത നിയന്ത്രണമാണ് കര്‍ണാടക പോലീസ് നടപ്പാക്കിയത്.
അനുവദിക്കപ്പെട്ടിട്ടുള്ള വേഗത 100 കിലോമീറ്ററായി നിയന്ത്രിക്കുകയും ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇത് ഗുണം ചെയ്തെന്നാണ് പുതിയ വിലയിരുത്തല്‍.
ബെംഗളൂരു - മൈസൂരു പാതയില്‍ അപകടമരണങ്ങള്‍ കുറഞ്ഞത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലവത്തായതായി സൂചിപ്പിക്കുന്നു.
2023 ജനുവരിക്കും ഓഗസ്റ്റിനുമിടയില്‍ അപകടങ്ങളില്‍ 147 പേര് മരിച്ചപ്പോള്‍ ഈവര്‍ഷം ഇതേ കാലയളവില്‍ 50 മരണമാണ് സംഭവിച്ചത്. ഈവര്‍ഷം ജനുവരിയില്‍ 12 മരണമുണ്ടായി.
ഇതിനു ശേഷം ഓരോ മാസവും മരണസംഖ്യ കുറഞ്ഞു വരുകയാണ്. ഓഗസ്റ്റില്‍ രണ്ടു മരണമാണുണ്ടായത്.
പാതയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കാരണമാണ് അപകടങ്ങള്‍ കുറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകള്‍ വഴി വാഹനങ്ങളുടെ വേഗം കണ്ടെത്തി പിഴയീടാക്കാനും കേസെടുക്കാനും തുടങ്ങിയതാണ് കൂടുതല്‍ ഫലം കണ്ടത്.
ഓഗസ്റ്റില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ പോയതിന് 410 കേസുകളും തെറ്റായ ദിശയില്‍ വാഹനമോടിച്ചതിന് 51 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒട്ടേറെ മലയാളികളുമുണ്ട്.
അതിവേഗത്തിന് 1.2 ലക്ഷം പേരെയാണ് പിടികൂടിയത്. 130 കിലോമീറ്ററിലധികം വേഗത്തില്‍ പോയാലും അശ്രദ്ധമായി വാഹനമോടിച്ചാലും കേസെടുക്കുന്നുണ്ടെന്നും ലൈസന്‍സ് പിടിച്ചെടുക്കുന്നുണ്ടെന്നും ട്രാഫിക് എ.ഡി.ജി.പി. അലോക് കുമാര്‍ പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നിയമലംഘകര്‍ക്ക് ഫോണ്‍ കോളും ലഭിക്കും. ഈ രീതി ഏര്‍പ്പെടുത്തിയത് ഒട്ടേറെ ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പാതയില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാതയില്‍ പലയിടങ്ങളിലും പ്രവേശന കവാടങ്ങളുള്ളതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അശ്രദ്ധമായി പ്രവേശിക്കുന്നത് വെല്ലുവിളിയാണ്.
കാല്‍നടയാത്രക്കാര്‍ പാത മുറിച്ചു കടന്നുപോകുന്നതും അപകടഭീഷണിയാണ്. ഈ പ്രശ്നം ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്കായി അടിപ്പാതയും മേല്‍നടപ്പാലവും നിര്‍മിക്കാന്‍ ദേശീയ പാതാ അധികൃതരോട് അപേക്ഷിച്ചിട്ടുണ്ടെന്നും അലോക് കുമാര്‍ അറിയിച്ചു.
പാതയില്‍ 100 കിലോമീറ്ററാണ് അനുവദനീയ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗം വന്നാല്‍ പിഴയീടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യും.
ഏതു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കിലും വേഗപരിധി ലംഘിച്ചാല്‍ കേസെടുക്കും. അതിവേഗക്കാരെ പിടികൂടാന്‍ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകള്‍ സ്ഥാപിച്ചിട്ടണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.