അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്;റനിൽ വിക്രമസിംഗെ മൂന്നാമത്

കൊളംബോ: മരതകദ്വീപിന് ഇനി രാഷ്ട്രീയ ചുവപ്പ്. നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്.


ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 

ആദ്യഘട്ട വോട്ടെണ്ണലിൽ ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ ദിസനായകെ 42.32 ശതമാനം വോട്ടും സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ 32.74 ശതമാനം വോട്ടും നേടി. 

നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ 17.26 ശതമാനം വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളിൽ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘട്ടത്തിൽ നേടിയത്. 

മൂന്ന് സ്ഥാനാർഥികളുള്ള സാഹചര്യത്തിൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. 

ഇതു പ്രകാരം കൂടുതൽ വോട്ടുനേടിയ രണ്ട് സ്ഥാനാർഥികളൊഴികെ വിക്രമസിംഗെ ഉൾപ്പെടെയുള്ള മറ്റെല്ലാവരും തിരഞ്ഞെടുപ്പിൽനിന്ന് പുറത്തായി. 

പിന്നീട് പുറത്തായ സ്ഥാനാർഥികൾക്ക് വോട്ടുചെയ്തവരുടെ രണ്ടാം പരിഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തിരഞ്ഞെടുത്തത്. 

2022ൽ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ സർക്കാർ വീഴുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. 

ദിസനായകെയുടെ നേതൃത്വത്തിലുള്ള ‘അരഗലയ’ മൂവ്മെന്റാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിനു ചുക്കാൻ പിടിച്ചിരുന്നത്. പ്രക്ഷോഭത്തിന്റെ വിജയത്തെ തുടർന്ന് ജെവിപിയുടെയും ദിസനായകയെയുടെയും ജനപ്രീതി കുത്തനെ ഉയർന്നിരുന്നു. 

അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കും, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കും തുടങ്ങിയ വൻ പൊളിച്ചെഴുത്തുകളുൾപ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കൻ ജനതയ്ക്ക് നൽകിയിട്ടുള്ളത്. 

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് 100 കിലോമീറ്റർ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തിലായിരുന്നു ദിസനായകെയുടെ ജനനം. 

തംബുട്ടെഗാമയിൽനിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ്. കെലനിയ സർവകലാശാലയിൽനിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി) അംഗമായി.

1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ ഇടം നേടിയ ദിസനായകെ 2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

2004ൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായെങ്കിലും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവച്ചു. 

2014ൽ ജെവിപിയുടെ നേതാവായി. 2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !