നിലമ്പൂര്‍: ആർഎസ്എസ് നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പമെന്നും എഡിജിപി എം.ആർ.അജിത്കുമാർ പാർട്ടിക്കാരനല്ലെന്നും വാദിച്ചവരാണ് 21 ദിവസത്തിനുശേഷം അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം ചുങ്കത്തറയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായി എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്.എസ്.എസ് നേതാവിനെ കണ്ടെന്ന ആരോപണം സെപ്തംബര്‍ നാലിനാണ് പ്രതിപക്ഷം ഉത്തരവാദിത്തത്തോടെ ആരോപിച്ചത്. ആദ്യം രണ്ടു കൂട്ടരും നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. കണ്ടാല്‍ എന്താ കുഴപ്പമെന്നും അജിത് കുമാര്‍ പാര്‍ട്ടിക്കാരനല്ലെന്നും വാദിച്ചവരാണ് 21 ദിവസത്തിന് ശേഷം അന്വേഷണം പ്രഖ്യാപിച്ചത്.
2023 മേയ് മാസത്തിലാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത്. അക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ല. ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ട കാര്യം തൃശൂര്‍ ജില്ലയിലെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും കണ്ടതാണ്. കൂടിക്കാഴ്ചയുടെ പിറ്റേന്ന് ആ റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി അതു നിസ്സാരമായി എടുത്തോ?
ആര്‍എസ്എസ് നേതാവുമായി എഡിജിപി ചര്‍ച്ച നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കിട്ടിയിട്ട് 16 മാസമായി. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്? ആഭ്യന്തര അന്വേഷണത്തിനെങ്കിലും തയാറായോ? പൊളിറ്റിക്കലായ പ്രശ്നമായതിനാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തര അന്വേഷണം മാത്രമേ നടത്താന്‍ സാധിക്കൂ.
എഡിജിപി ക്രൈം ചെയ്തെന്ന ആരോപണമല്ല പ്രതിപക്ഷം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍എസ്എസ് നേതാവിനെ സഹായിച്ച എഡിജിപി ബിജെപിയെ തൃശൂരില്‍ വിജയിപ്പിക്കാമെന്ന ഉറപ്പാണ് നല്‍കിയത്. പകരമായി ഇങ്ങോട്ട് ഉപദ്രവിക്കരുതെന്നും അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായി പോയതു കൊണ്ടാണ് ഇത്രയും കാലം ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത്. ഇതിലെ ഒരു പ്രതി മുഖ്യമന്ത്രിയാണ്. അതേ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പൂരം കലക്കിയതിനു നേതൃത്വം നല്കിയ അജിത് കുമാര്‍ അതേക്കുറിച്ച് അന്വേഷിച്ചതുപോലുള്ള പ്രഹസനമാണ് ഈ അന്വേഷണവും. പൂരം നടക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി തൃശൂരില്‍ ഉണ്ടായിരുന്നെന്ന പ്രതിപക്ഷ ആരോപണം ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ പൊലീസിന്റെ പ്ലാന്‍ വലിച്ചെറിഞ്ഞ് അജിത്കുമാര്‍ നല്കിയ പ്ലാന്‍ അനുസരിച്ചാണ് പൂരം കലക്കിയത്. പൂരം കലക്കാനുള്ള പ്ലാനാണ് അജിത്കുമാര്‍ നല്‍കിയത്.
പൂരം കലക്കാനുള്ള പ്ലാന്‍ ഉണ്ടാക്കിയ അജിത്കുമാറിനെ കൊണ്ടാണു മുഖ്യമന്ത്രി പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിപ്പിച്ചത്. അതേ പരിപാടിയാണ് മുഖ്യമന്ത്രി കൂടി പ്രതിയായ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള അന്വേഷണത്തിലും നടക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ് ഈ അന്വേഷണം. പ്രതിരോധത്തിലായ സിപിഎമ്മും സര്‍ക്കാരും അതില്‍നിന്നും രക്ഷപ്പെടാന്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്.
പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണ്. അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കില്ലെന്നുമാണു മുഖ്യമന്ത്രി പറയുന്നത്. കീഴ് ഉദ്യോഗസ്ഥരെ കൊണ്ടാണ് അജിത്കുമാറിനെതിരെ അന്വേഷിപ്പിക്കുന്നത്. അന്വേഷണങ്ങളില്‍ ഒരു പ്രസക്തിയുമില്ല.
മുകേഷും രഞ്ജിത്തും രാജിവച്ച് ഒഴിയേണ്ടതാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ആരോപണവിധേയരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം സര്‍ക്കാര്‍ ഒളിപ്പിച്ചു വച്ചുവെന്നു പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് ഹൈക്കോടതിയും പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കുന്നതിനു പകരം അതിനുശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളെ കുറിച്ചുമാത്രമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. അതു പോരെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുകൂടി അന്വേഷിക്കണമെന്നും അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മലപ്പുറത്ത് വിദ്യാര്‍ഥികളുടെ ടിസി നഷ്ടപ്പെട്ട സംഭവം ഗൗരവത്തോടെ അന്വേഷിക്കണം. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയാറാകണം– സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.