തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച വിവാദത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം.
വിവാദത്തെക്കുറിച്ച് അന്വേഷിച്ച് എഡിജിപി എം.ആര്.അജിത്കുമാര്‍ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തില്‍ പൊലീസ് മേധാവി എത്തിയത്.
പൂരം കലക്കാന്‍ രാഷ്ട്രീയ താല്പര്യമുള്ളവര് ആസൂത്രിത നീക്കം നടത്തിയതായി എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍നടപടി നിര്‍ദേശിച്ചാണ് പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. പൂരം കലക്കിയതില്‍ ദേവസ്വങ്ങളെ കുറ്റപ്പെടുത്തിയാണ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
പൂരം മുടക്കാന്‍ ശ്രമിച്ച ചിലര്‍ പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ താല്പര്യമുള്ള ചിലര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ ഫോൺകോള്‍ വിവരങ്ങള്‍ തെളിവായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇതു പരിഗണിച്ചാണ് പൂരം കലക്കലില്‍ വിശദമായ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, അന്വേഷണത്തില്‍ കാലതാമസം വരുത്തിയതില്‍ പൊലീസ് മേധാവി അതൃപ്തി പ്രകടിപ്പിച്ചതായി സൂചനയുണ്ട്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തുടരന്വേഷണത്തിന് നീക്കം നടക്കുന്നത്.
പൂര ദിവസം തൃശൂരില്‍ ഉണ്ടായിട്ടും പ്രശ്നം പരിഹരിക്കാതിരുന്ന എഡിജിപി തന്നെ, വിഷയം അന്വേഷിക്കുന്നതില്‍ സിപിഐ കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയിരുന്നത്.
എം.ആര്.അജിത്കുമാറിനു പകരം മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം സിപിഐ ഇടതുമുന്നണിയില്‍ ഉന്നയിക്കാനിരിക്കുകയാണ്.
പൂരം കലക്കലില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന ഉറച്ച നിലപാടിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറും സിപിഐ തൃശൂര്‍ ജില്ലാ നേതൃത്വവും.
എന്നാല്‍, സംസ്ഥാന നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി എഡിജിപി എം.ആര്.അജിത്കുമാര്‍ ഇടപെട്ടു മാറ്റങ്ങള്‍ വരുത്തിയതായും പൊലീസിനുള്ളിൽ തന്നെ സംസാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.