ബെംഗളൂരു: സബർബൻ റെയിലിനു വേണ്ടി നിരവധി തവണ ടെൻഡറുകളിറക്കി പരാജയപ്പെട്ട കർണാടക സര്‍ക്കാർ അവസാന ആശ്രയമെന്ന നിലയിൽ നീതി ആയോഗിനെ സമീപിച്ചതായി റിപ്പോർട്ട്.
പദ്ധതിക്കായി കെ-റൈഡ് പുറത്തിറക്കിയ ടെൻഡറുകൾ സ്വീകരിക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ല. ഫണ്ട് സമാഹരണത്തിന് ഓഹരി ഫണ്ടിങ് മാർഗ്ഗം അവലംബിക്കാനാണ് ഇപ്പോൾ കെ-റൈഡ് ആലോചിക്കുന്നത്.
സബർബൻ സംവിധാനത്തിന് ആവശ്യമായ എസി കോച്ചുകൾ നിർമ്മിക്കാൻ 3,672 കോടി രൂപയാണ് ആവശ്യം. ഇത് കേന്ദ്രവും സംസ്ഥാനവും തുല്യ വിഹിതം പങ്കിട്ട് നടത്താമോയെന്നും കർണാടക സർക്കാര്‍ ആരാഞ്ഞിട്ടുണ്ട്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി വി സോമണ്ണ, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി തുടങ്ങിയവരുമായി കർണാടക സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്.
ഒരു പ്രപ്പോസൽ അയയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു കർണാടക സർക്കാരിന്റെ ശ്രമം.
ഇതിനായി പലതവണ സർക്കാർ ആഗോള ടെൻഡർ വിളിച്ചു. 2023 ജൂൺ മാസത്തിലാണ് ആദ്യ ടെൻഡര്‍ പോയത്. സാങ്കേതിക പങ്കാളിത്തത്തിനുള്ള ഈ ടെൻഡറിന് ഭാരത് എർത്ത് മൂവേഴ്സ്, ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്, ഓക്സിലിയർ ഡി ഫെറികാരിയേഴ്സ് എന്നീ കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചു.
എന്നാൽ ഫിനാൻഷ്യൽ ടെൻഡർ ഇറക്കിയപ്പോൾ ഇവരാരും പ്രതികരിക്കുന്നില്ല. കമ്പനികളുടെ ആവശ്യപ്രകാരം തീയതികൾ നീട്ടിക്കൊണ്ടിരിക്കുന്നതല്ലാതെ കാര്യമൊന്നും കാണുന്നില്ല. ഇതോടെ 2024 ജുലൈയിൽ പ്രസ്തുത ടെൻഡർ റദ്ദാക്കി.
താൽപ്പര്യമുള്ള കമ്പനികൾക്ക് നേരിട്ട് കെ-റെയിലിനെ സമീപിക്കാമെന്ന നിർദ്ദേശം മുമ്പോട്ടു വെച്ചെങ്കിലും ആരും പ്രതികരിച്ചില്ല.
ഇക്കാരണത്താൽ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി ഉപേക്ഷിക്കുകയാണ്. റെയിൽ കോച്ചുകൾ നേരിട്ട് വാങ്ങാം എന്നതാണ് ഇപ്പോൾ കർണാടക സർക്കാർ എടുത്തിരിക്കുന്ന തീരുമാനം.
ഒന്നുകിൽ ഓഹരി സമാഹരിച്ച് നടപ്പാക്കും. അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സാമ്പത്തിക പങ്കാളിത്തത്തോടെ നടപ്പാക്കും. പണം ഇറക്കുന്നതിന് സർക്കാർ ഗ്യാരണ്ടി നിൽക്കണമെന്ന ആവശ്യമാണ് കമ്പനികൾക്കുള്ളത്.
ഇതിന് കർണാടക സർക്കാർ തയ്യാറല്ല. രാജ്യത്ത് ഇന്നുവരെ കോച്ചുകൾ വാങ്ങുന്നതിനായി പിപിപി മോഡൽ വിജയകരമായി നടപ്പാക്കിയിട്ടില്ല എന്ന വസ്തുതയും കെ റൈഡിനു മുന്നിലുണ്ട്.
ഇതു തന്നെയാണ് പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ച കമ്പനികളെ സംശയത്തിൽ നിർത്തുന്നത്. അവര്‍ സർക്കാരിന്റെ ഗ്യാരണ്ടി ആവശ്യപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല.
കോച്ചുകൾ വാങ്ങിയാൽ മുമ്പോട്ട് പോകാൻ സർക്കാർ ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, കെഎഫ്ഡബ്ല്യു എന്നീ ബാങ്കുകൾ ഫണ്ട് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ 2025 സെപ്തംബറിനു മുമ്പായി കോച്ചുകൾ വാങ്ങിയിരിക്കണമെന്നും ഇതിന് ഉപാധിയുണ്ട്.
ഇതാണ് കർണാടക സര്‍ക്കാരിനെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. കേന്ദ്രം കനിയുകയാണെങ്കിൽ രാജ്യത്തിനകത്തു നിന്ന് തന്നെ കോച്ചുകൾ വാങ്ങാൻ കഴിയും.
വന്ദേ മെട്രോയ്ക്ക് വേണ്ടി പണിതു കൊണ്ടിരിക്കുന്ന കോച്ചുകൾ തന്നെ മതിയാകും സബർബൻ ട്രെയിനായി ഓടാൻ. കോച്ചുകളുടെ ഭാരം കുറയ്ക്കേണ്ടി വരും എന്നേയുള്ളൂ.
വന്ദേ മെട്രോ കോച്ചുകൾ 53 ടൺ വരും. ഇത് പതിനൊന്ന് ടണ്ണോളം കുറയ്ക്കണം. വയഡക്ടിലൂടെയും ഓടാൻ പാകത്തിന് ഭാരം കുറയ്ക്കുകയാണ് വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.