കൊച്ചി: ആരോപണവിധേയരായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഗൗരവതരമായ അന്വേഷണം നടത്താതെ മുഖ്യമന്ത്രി പ്രഹസനം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിനിടെയാണ് വിമർശനം.
'ആരോപണവിധേയരായ ഉപജാപക സംഘത്തിന്റെ ചൊൽപ്പടിയിലാണ് മുഖ്യമന്ത്രി. അവരെ ഭയക്കുകയാണ്. അവരെന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ഭയമാണ് അദ്ദേഹത്തിന്.
എഡിജിപിയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച എസ് പിയും സർവീസിലിരിക്കുകയാണ്. എന്ത് പൊലീസാണ് കേരളത്തിലുള്ളത്. പൊലീസിനെ ഇതുപോലെ നാണംകെടുത്തിയ കാലം വേറെയുണ്ടായിട്ടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ സ്വർണക്കടത്ത് ആരോപണം ഉയർന്നിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വർണക്കള്ളക്കടത്തിന് ജയിലിൽ പോയി.
ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വർണക്കടത്ത് ആരോപണം വന്നിരിക്കുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണത്തോട് എന്താണിത്ര ഭ്രമം. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
ഭരണകക്ഷി എംഎൽഎ ഉയർത്തുന്ന ആരോപണങ്ങൾ തെറ്റാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതല്ലേ?ദുരന്തമാണ് കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിൽ പാർട്ടിയെ കേരളത്തിൽ കുഴിച്ച് മൂടുകയാണ്. ഞങ്ങൾക്ക് അതിനോട് താത്‌പര്യമില്ല.
ഇപ്പോൾ തൃശൂർ പൂരം സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നു. പൂരം പൊലീസ് കലക്കിയതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി ബിജെപിയെ സഹായിക്കാൻ പൂലം കലക്കിയതാണ്. ഹൈന്ദവ വികാരം ഉണ്ടാക്കി ബിജെപിയെ സഹായിക്കാൻ മനഃപൂർവ്വമായി ചെയ്ത ഗൂഢാലോചനയായിരുന്നു അത്.
ഇത് സർക്കാരല്ല, കൊള്ളക്കാരാണ്. എല്ലാ അഴിമതിയുടെയും വൃത്തികേടുകളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്'- വി ഡി സതീശൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.