കാഞ്ഞങ്ങാട് : ഹരിതകർമ സേനാംഗങ്ങളുടെ ഒരു തിരിഞ്ഞുനോട്ടം, രക്ഷപ്പെട്ടത് രണ്ടു ജീവൻ.
കാഞ്ഞങ്ങാട് ആവിയിൽ നൂറാനിയ മൻസിലിൽ എം.വി. ഇസ്മായിൽ ഹാജിയുടെ വീട്ടിൽ മാലിന്യമെടുക്കാൻ എത്തിയ ഹരിതകർമ സേനാംഗങ്ങളായ സുനിതയും രമയും മടങ്ങുന്നതിനിടെ വെറുതെയൊന്ന് തിരിഞ്ഞുനോക്കി.
വീടിന്റെ മുകൾനിലയിൽനിന്നു പുക ഉയരുന്നു. യുവതിയും കുഞ്ഞും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിനുള്ളിലേക്ക് കുതിച്ചെത്തിയ സുനിത കുഞ്ഞിനെയെടുത്ത് പുറത്തേക്ക് ഓടി.
പിന്നാലെ യുവതിയുടെ കയ്യുംപിടിച്ച് രമയും. എന്തുചെയ്യണമെന്നറിയാതെ ഇവർ അടുത്തുള്ള നൂറാനിയ ജുമാ മസ്ജിദിന്റെ മുറ്റത്തേക്ക് ഓടിക്കയറി. ജുമുഅ നമസ്കാര സമയമായിരുന്നു.
സുനിതയുടെ കരച്ചിൽകേട്ട് ഇസ്മായിൽ ഹാജിയടക്കം പള്ളിയിലുണ്ടായിരുന്നവർ പുറത്തേക്കുവന്നു. വിവരം അറിഞ്ഞതോടെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. അവർ ഒന്നര മണിക്കൂർ പണിപ്പെട്ടാണ് തീ കെടുത്തിയത്.
വൈദ്യുതി വയറിങ് പഴകിയതു കാരണമുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.20ന് ആണ് സംഭവം. മുകൾനിലയിലെ മുറിയിൽ ഉണ്ടായിരുന്ന കട്ടിൽ, അലമാര, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ആഭരണങ്ങൾ, വിലപ്പെട്ട രേഖകൾ എന്നിവ പൂർണമായി കത്തിനശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.