കൊച്ചി: ‘‘നിങ്ങളുടെ മകളെ ഒരു ക്രിമിനൽ കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു’’, അടുത്തിടെ സംസ്ഥാനത്തെ ഒരു എംഎൽഎയുടെ ഭാര്യക്ക് വന്ന ഫോൺകോൾ ഇങ്ങനെയായിരുന്നു.
മകളുടെ പേരും മറ്റു വിശദാംശങ്ങളുമെല്ലാം വിശദമാക്കിയാണ് പൊലീസ് അധികൃതരെന്ന വ്യാജേന വന്ന ഫോൺ കോൾ.
ബെംഗളൂരുവിലെ ഒരു അധ്യാപികയ്ക്ക് വന്ന ഫോൺകോളിൽ പറഞ്ഞത് മുംബൈയിലെ ഒരു തട്ടിപ്പു കേസിൽ ഉപയോഗിച്ചിരിക്കുന്ന സിം കാർഡ് എടുത്തിരിക്കുന്നത് അവരുടെ പേരിലാണ് എന്നാണ്.
ഒപ്പം ആധാർ കാർഡിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാർ ഇങ്ങോട്ടു പറയുന്നു. സൈബർ തട്ടിപ്പ് ഏറ്റവും രൂക്ഷമായിരിക്കുന്ന ഇക്കാലത്ത് നമ്മുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു തന്നെ തട്ടിപ്പുകാർ നമ്മളെ വഞ്ചിക്കുന്നു.
എന്താണ് ഇക്കാര്യത്തിൽ ചെയ്യാനാകുക എന്നാണ് കൊച്ചി സിറ്റിയുടെ പുതിയ പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഐപിഎസ് പറയുന്നത്.
‘‘സമൂഹമാധ്യമ അക്കൗണ്ടുകളിലും മറ്റും നമ്മൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നുണ്ട്.
നമ്മൾ തന്നെ നമ്മളെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ ഇങ്ങനെ പരസ്യപ്പെടുത്തുന്നു. അതുപോലെ സുരക്ഷാ കാര്യങ്ങൾ നോക്കാതെ ഒട്ടേറെ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നു.
അതിലൊക്കെ നമ്മുടെ വ്യക്തിഗത വിവരങ്ങളും മറ്റും ലഭ്യമാക്കുന്നതിന് അനുമതി ചോദിക്കാറുണ്ട്, ഇത് ശ്രദ്ധിക്കുക പോലും ചെയ്യാതെ നാം അത് അനുവദിക്കുകയും നമ്മുടെ വിവരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്യുന്നു.
മറ്റൊന്നാണ് വ്യക്തിഗത വിവരങ്ങൾ ചോരുക എന്നത്. ഈ വഴിയും വിവരങ്ങൾ തട്ടിപ്പുകാരിൽ എത്തുന്നുണ്ട്’’– എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
എസ്.ശ്യാംസുന്ദർ ഐപിഎസ് ദക്ഷിണമേഖലാ ഐജിയായ ഒഴിവിലാണ് പുട്ട വിമലാദിത്യയെ കമ്മിഷണർ പദവിയിൽ നിയമിച്ചത്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ ഡിഐജി ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്.
പല സംസ്ഥാനങ്ങളിലായാണ് തട്ടിപ്പുകാർ എന്നതും മൊബൈൽ കണക്‌ഷൻ, ബാങ്ക് അക്കൗണ്ട്, ആപ്പ് കമ്പനികൾ തുടങ്ങിയ ഏജൻസികളുടെയും സഹകരണം വേണമെന്നതാണ് മറ്റു തട്ടിപ്പുകളെ അപേക്ഷിച്ച് സൈബർ തട്ടിപ്പ് അന്വേഷണം ബുദ്ധിമുട്ടാക്കുന്നത് എന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സൈബർ ക്രൈം കോ–ഓർഡിനേഷൻ സെന്റർ നിലവിൽ വന്നശേഷം ഇക്കാര്യത്തിൽ മാറ്റമുണ്ടാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് വലിയ ധാരണകൾ ഇല്ലാത്തവരാണ് തട്ടിപ്പിന് ഇരയാകുന്നതെന്നും ഇക്കാര്യത്തിൽ അവബോധ പരിപാടികൾ വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ കിട്ടുക എന്നതും പ്രധാനമാണെന്ന് വിമലാദിത്യ പറഞ്ഞു.
സൈബർ തട്ടിപ്പിനു പുറമേ വർധിച്ച രാസലഹരി ഉപയോഗം, ട്രാഫിക്, സാമൂഹിക വിരുദ്ധർ തുടങ്ങിയ വിഷയങ്ങളാണ് താൻ പ്രാഥമികമായി പരിഗണിക്കുന്നത് എന്ന് കമ്മിഷണർ വ്യക്തമാക്കി.
ലഹരിക്കെതിരെ വലിയ തോതിലുള്ള പോരാട്ടം ഇതിനകം തന്നെ നടക്കുന്നുണ്ട്. അത് കൂടുതൽ ശക്തമാക്കുമെന്ന് പുട്ട വിമലാദിത്യ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.