ആലപ്പുഴ: കലവൂർ കോർത്തുശേരിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സുഭദ്രയുടേത് ക്രൂര കൊലപാതകം എന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. കൊലപാതക ശേഷം കൈ ഒടിച്ചുവെന്നാണ് നിഗമനം. ഇടതു കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പിൽ കണ്ടെത്തിയത്.
കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും ഒളിവിലാണ്. ഇവർ ഉഡുപ്പിക്കടുത്തുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്കായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം.
സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു. ഫോൺവിളികൾ പരിശോധിച്ചപ്പോൾ സുഭദ്ര കലവൂരിൽ വന്നിരുന്നതായി കണ്ടെത്തി. ഓഗസ്റ്റ് നാലിന് എറണാകുളം സൗത്തിൽ നിന്ന് ഒരു സ്ത്രീക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചു.
ഒപ്പമുള്ളതു ശർമിളയാണെന്നു തിരിച്ചറിഞ്ഞെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മണ്ണിനടിയിലെ മൃതദേഹസാന്നിധ്യം തിരിച്ചറിയുന്ന കഡാവർ നായയാണ് മൃതദേഹം കണ്ടെത്തിയത്.
സുഭദ്രയും ശർമിളയും തമ്മിൽ പണമിടപാടുണ്ടായിരുന്നതായാണ് മാത്യൂസിന്റെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം സുഭദ്രയുടെ മക്കൾ രാധാകൃഷ്ണനും രാജേഷും തിരിച്ചറിഞ്ഞു.
സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു ഇവർ അറിയിച്ചു. ദമ്പതികൾ പണയം വച്ചതിന്റെ തെളിവു പൊലീസിനു കിട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.